ലോകമെമ്പാടും വ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച കൊറോണ വൈറസിനെ രാജ്യത്തു നിന്നും തുരത്താനുള്ള പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഖത്തർ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഖത്തറിന്റെ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനി ഇന്ന് രാവിലെ അമീരി ദീവാനിയിൽ ചേർന്ന കാബിനറ്റ് മീറ്റിങ്ങിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുമ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കൊറോണയെ തുടച്ചു നീക്കാനുള്ള പോരാട്ടങ്ങളിൽ നിന്ന് ഖത്തർ ഒരു തരത്തിലും പുറകോട്ടു പോയിട്ടില്ല. കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ നടത്താനാണ് രാജ്യം തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗൾഫ് രാഷ്ട്രങ്ങളുടെ തൊഴിൽ കാര്യ മന്ത്രിമാർ നടത്തിയ പ്രത്യേക യോഗത്തെകുറിച്ച് അവലോകന യോഗവും കാബിനറ്റ് യോഗത്തിൽ നടന്നു. ഖത്തർ വാർത്ത ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഖത്തറിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുതലാണെങ്കിലും രോഗികൾക്ക് ഫലപ്രദമായ ചികിത്സയാണ് രാജ്യത്തു ലഭിക്കുന്നത്. ലോകത്തു തന്നെ ഏറ്റവും കുറഞ്ഞ കൊവിഡ് മരണ നിരക്കുള്ള രാജ്യമാണ് ഖത്തർ. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സാമ്പത്തിക സ്ഥിതിയെയും ഭക്ഷ്യ സുരക്ഷയെയും ബാധിക്കില്ലെന്നും ബന്ധപ്പെട്ട നേതാക്കൾ വ്യക്തമാക്കിയിരുന്നു.