കായികംഖത്തർ

ഖത്തർ സ്റ്റാർസ് ലീഗ് ആരംഭിക്കുന്നതിനു മുന്നോടിയായി താരങ്ങൾക്കും സ്റ്റാഫുകൾക്കും കൊവിഡ് പരിശോധന നടത്തി

ഖത്തർ സ്റ്റാർസ് ലീഗ് പുനരാരംഭിക്കുന്നതിന്റെ ആദ്യ പടിയായി കളിക്കാർ, പരിശീലകർ, ടെക്നിക്കൽ സ്റ്റാഫ് എന്നിവർക്ക് കൊറോണ പരിശോധന നടത്തി. 2019-20 സീസണിൽ ബാക്കിയുള്ള മത്സരങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം അലി ബിൻ ഹമദ് അൽ അറ്റിയാഹ് സ്റ്റേഡിയത്തിലാണ് പരിശോധന നടന്നത്.

പരിശീലനത്തിലേക്കും കളിക്കളത്തിലേക്കും മടങ്ങി വരുമ്പോൾമ്പോൾ ടീമംഗങ്ങളും മറ്റും തമ്മിൽ വൈറസ് പടരാനുള്ള സാധ്യത കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് പരിശോധന നടത്തുന്നത്. നിരവധി കളിക്കാരും സാങ്കേതിക, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളും ആദ്യ ദിവസം പരിശോധനയ്ക്ക് വിധേയമായി.

പരിശോധന ഫലങ്ങൾ വരുന്നതു വരെ താരങ്ങളും മറ്റുള്ളവരും ക്വാറന്റിനിൽ തുടരണം. 2019-20 ക്യുഎസ്എൽ സീസണിലെ 18,19,20 ആഴ്ചകളിലെ മത്സരങ്ങളുടെ ഷെഡ്യൂൾ ബന്ധപ്പെട്ട അധികാരികളുമായി ചർച്ച ചെയ്ത ശേഷം ഞായറാഴ്ച തീരുമാനിച്ചിട്ടുണ്ട്. കൂളിംഗ് ടെക്നോളജിയുള്ള എഡ്യുക്കേഷൻ സിറ്റി, അൽ ജനൂബ്, ജാസിം ബിൻ ഹമദ് എന്നീ മൂന്നു സ്റ്റേഡിയങ്ങളിൽ വച്ചാണ് മത്സരങ്ങൾ നടക്കുക.

21,22 ആഴ്ചകളിലെ മത്സരങ്ങളുടെ ഷെഡ്യൂൾ പിന്നീടാണു നിശ്ചയിക്കുക. മത്സരങ്ങളുടെ ഫലവും പോയിന്റ് ടേബിളിലെ നിലയും അനുസരിച്ച് എല്ലാ ക്ലബുകൾക്കും തുല്യ അവസരങ്ങൾ ലഭിക്കുന്നതിനാണ് ഈ തീരുമാനം. 2022 ഖത്തർ ലോകകപ്പിന്റെ വേദിയായ എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വച്ച് ഖത്തർ എസ് സിയും അൽ റയാനും തമ്മിൽ ജൂലൈ 24ന് 4.45നാണ് ആദ്യ മത്സരം.

അന്നു തന്നെ നടക്കുന്ന മറ്റൊരു മത്സരത്തിൽ മുൻ ചാമ്പ്യന്മാരും നിലവിൽ നാലാം സ്ഥാനക്കാരുമായ അൽ ഘറാഫ മറ്റൊരു ലോകകപ്പ് വേദിയായ അൽ ജനൂബിൽ വച്ച് അൽ അറബിയുമായി ഏറ്റുമുട്ടും. അന്നത്തെ അവസാന മത്സരത്തിൽ കൂളിംഗ് സാങ്കേതികവിദ്യയുള്ള മറ്റൊരു വേദിയായ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ആതിഥേയരായ അൽ സാദും അൽ ഖോറും തമ്മിലുള്ള 18ആം റൗണ്ട് പോരാട്ടവും നടക്കും.

17 മത്സരങ്ങളിൽ നിന്നും 42 പോയിന്റുമായി അൽ ദുഹൈൽ ഒന്നാമതു നിൽക്കുമ്പോൾ അൽ റയൽ (38 പോയിന്റ്), അൽ സാദ് (32 പോയിന്റ്), അൽ ഘറഫ (28 പോയിന്റ്) എന്നിങ്ങനെയാണ് രണ്ടു മുതൽ നാലു വരെ സ്ഥാനങ്ങളിൽ നിൽക്കുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker