കേരളംഖത്തർ

കണ്ണൂർ വിമാനത്താവളം വഴി പ്രവാസികളെ എത്തിക്കാൻ കേന്ദ്രം അനുമതി നൽകിയില്ലെന്ന് മുഖ്യമന്ത്രി

മറ്റു രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്ന പ്രവാസികളെ കണ്ണൂർ വിമാനത്താവളം വഴി സംസ്ഥാനത്ത് എത്തിക്കാൻ കഴിയില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിനു ശേഷം സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യത്തിൽ കേന്ദ്രം അനുമതി നൽകാത്തതിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ നാലു വിമാനത്താവളങ്ങൾ വഴിയും പ്രവാസികളെ എത്തിക്കാനുള്ള സംവിധാനങ്ങൾ സർക്കാർ ഒരുക്കിയിരുന്നു. എന്നാൽ കണ്ണൂർ വിമാനത്താവളത്തെ അതിൽ നിന്നും ഒഴിവാക്കി. ഇതിന്റെ കാരണം വ്യക്തമല്ലെന്നും ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ രജിസ്റ്റർ ചെയ്ത പ്രവാസികളിൽ അറുപതിനായിരത്തിലധികം പേരാണ് കണ്ണൂരിൽ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരെ മറ്റിടങ്ങളിൽ ഇറക്കുന്നത് ലോക്ക് ഡൗൺ കാലത്ത് ബുദ്ധിമുട്ടായിരിക്കും. ക്വാറന്റൈൻ ചെയ്യാനുള്ള സൗകര്യങ്ങളെയും ഇതു ബാധിക്കുമെന്നു പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

കേന്ദ്ര സർക്കാർ അറിയിച്ചതനുസരിച്ച് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്താതെയാണ് വിദേശരാജ്യങ്ങളിൽ നിന്ന് ആളുകളെ എത്തിക്കുന്നത്. ഇത് അപകടകമാണ്. സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവു വരുത്തുന്നത് അനുവദിക്കാനാവില്ല. യാത്ര തിരിക്കും മുൻപ് ഇവരുടെ കൊവിഡ് പരിശോധന നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

പ്രവാസികളെ  നേരെ വീടുകളിലേക്ക് അയക്കാൻ കഴിയില്ല. ചുരുങ്ങിയത് 7 ദിവസത്തെ ക്വാറൻ്റീൻ എങ്കിലും വേണ്ടി വരും. വിമാനത്തിൽ വരുന്നവരെല്ലാം സർക്കാർ ഒരുക്കുന്ന നിരീക്ഷണ സംവിധാനത്തിൽ കഴിയണം. ഏഴാം ദിവസം പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയവരെ വീടുകളിലേക്ക് അയക്കും. പോസിറ്റീവ് ആയാൽ ചികിത്സക്കായി ആശുപത്രികളിലേക്ക് മാറ്റും. വീടുകളിൽ പോകുന്നവർ വീണ്ടും ഒരാഴ്ച വീടുകളിൽ നിരീക്ഷണത്തിൽ തുടരണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker