ഖത്തർ

കൊറോണക്കാലത്തും ഭക്ഷ്യലഭ്യതയെക്കുറിച്ച് ഖത്തറിലുള്ളവർ ആശങ്കപ്പെടേണ്ടതില്ല

കൊവിഡ് 19 വൈറസ് ആഗോള തലത്തിൽ പിടിമുറുക്കുമ്പോഴും രാജ്യത്തെ ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിധ ഉത്കണ്ഠയും ഖത്തറിലുള്ളവർക്കു വേണ്ടെന്ന് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഡയറക്ടർ മസൂദ് ജറല്ല അൽ മാരി. ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതി 2019-23 ന്റെ ഭാഗമായി രാജ്യത്ത് ദീര്‍ഘ കാലത്തേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ സംഭരണ ശേഷി വര്‍ധിപ്പിക്കുന്നതിന് നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും കൊവിഡ് കാലത്തും രാജ്യത്തെ ഭക്ഷ്യ ആവശ്യത്തിന്റെ 90 ശതമാനം നിറവേറ്റാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയനുസരിച്ച് പ്രധാനപ്പെട്ട ഓരോ ഭക്ഷ്യവസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിന് അഞ്ചോളം വ്യത്യസ്ത സോഴ്സുകൾ ഉണ്ടായിരിക്കും. അതിൽ ഏതെങ്കിലും സോഴ്സിൽ എന്തെങ്കിലും തരത്തിലുള്ള തടസമുണ്ടായാൽ മറ്റുള്ളവയെ ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാൻ കഴിയും. ഇതു വഴി ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ തന്നെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനാകും.

പ്രാദേശികമായുള്ള ഉത്പാദനം, പ്രാദേശിക സംഭരണം, അന്താരാഷ്ട്ര വ്യാപാരം, പ്രാദേശിക വിപണിയിലെ വിതരണം എന്നിങ്ങനെ നാല് ഘട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് ഖത്തറിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതി. രാജ്യത്തെ പ്രാദേശിക ആവശ്യം കണക്കിലെടുത്ത് പച്ചക്കറി ഉത്പാദിപ്പിക്കാനും ഉല്‍പാദനത്തില്‍ 70 ശതമാനം വരെ സ്വയംപര്യാപ്തത കൈവരിക്കാന്‍ ശ്രമം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാൽ (117ശതമാനം), ചിക്കൻ (125 ശതമാനം) എന്നിങ്ങനെ ഖത്തർ സ്വയംപര്യാപ്തത നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒഴുകുന്ന കൂടുകളിലുള്ള മത്സ്യകൃഷി 85 ശതമാനത്തിൽ നിന്നും 93 ശതമാനമായി വർദ്ധിപ്പിച്ച് രാജ്യത്തിന്റെ സ്വയംപര്യാപ്തത കൂട്ടാൻ കഴിയും. 2023 അവസാനത്തോടെ, പ്രാദേശിക ശുദ്ധജല ഉല്‍പാദനത്തിൽ ശ്രദ്ധേയമായ വളര്‍ച്ചയുണ്ടാകുമെന്നും ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള ആദ്യഘട്ട ഉത്പാദനം ഉടൻ ആരംഭിക്കാന്‍ പോകുകയാണെന്നും അല്‍ മാരി വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker