അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

ഖത്തറിൽ ഇന്നു മൂന്നു കൊവിഡ് മരണം, 1193 പേർക്ക് രോഗം ഭേദമായി

ഖത്തറിൽ ഇന്നു പുതിയതായി 1751 പേർക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 45465 ആയി. അതേ സമയം ഇന്ന് 1193 പേർക്കാണ് അസുഖം ഭേദമായത്. ഇന്നലെയത് 657 ആയിരുന്നു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 10363 ആയി. രാജ്യത്ത് ഒരു ദിവസം രോഗം ഭേദമാകുന്നവരുടെ ഏറ്റവും ഉയർന്ന കണക്കാണ് ഇന്നത്തേത്.

അതേ സമയം ഇന്ന് കൊവിഡ് ബാധിച്ച് മൂന്നു പേർ കൂടി മരണമടഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അൻപത്തിരണ്ടും അറുപത്തിരണ്ടും അറുപത്തിയഞ്ചും വയസുള്ള മൂന്നു പേരാണ് ഇന്നു മരണമടഞ്ഞത്. ഇവർക്കു മൂന്നു പേർക്കും മറ്റു ഗുരുതര അസുഖങ്ങളും ഉണ്ടായിരുന്നു. ഇതോടെ ഖത്തറിൽ കൊവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം ഇരുപത്തിയാറായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4341 പേർക്ക് ടെസ്റ്റുകൾ നടത്തിയാണ് 1751 പേർക്ക് രോഗബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. ഇന്നലെ 3349 പേർക്കു പരിശോധന നടത്തിയപ്പോൾ 1501 പേർക്കായിരുന്നു രോഗം കണ്ടെത്തിയത്. ഇതു വരെ 192484 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയിരിക്കുന്നത്. ഇന്നത്തോടെ 10363 പേർക്ക് രോഗം ഭേദമായപ്പോൾ 35076 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 1895 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്.

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ മാത്രം 22 കൊവിഡ് രോഗികളെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടുണ്ട്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 202 ആണ്. രോഗം ഭേദമായവരുടെ എണ്ണം പതിനായിരം കടന്നതാണ് ഇന്നത്തെ ഒരേയൊരു ആശ്വാസവാർത്ത.

വരുന്ന ദിവസങ്ങളിൽ ഖത്തറിൽ രോഗത്തിന്റെ തീവ്രത കൂടുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കുട്ടികളെയും മുതിർന്നവരുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുകയും ഈദ് ഉൽ ഫിത്ർ അവധി ദിനങ്ങളിൽ വീട്ടിൽ തുടരുകയും വേണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണമുള്ളവർ കൊവിഡ് ഹെൽപ് ലൈനായ 16000 എന്ന നമ്പറിൽ ബന്ധപ്പെടണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker