ഖത്തർ

പ്രതിസന്ധിയിലും കൈവിടാതെ ഖത്തർ എയർവേയ്സ്, ഏഴു ദിവസത്തിനിടെ ഒരു ലക്ഷം പേരെ സ്വന്തം രാജ്യങ്ങളിലെത്തിച്ചു

കൊറോണ വൈറസ് ലോകത്തെമ്പാടും വലിയ ഭീഷണിയായി നിൽക്കുമ്പോഴും ആളുകളെ സഹായിക്കാൻ വ്യോമഗതാഗതം തുടരുകയാണ് ഖത്തർ എയർവേയ്സ്. പല തവണ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഖത്തർ എയർവേയ്സ് കഴിഞ്ഞ ഏഴു ദിവസത്തിനിടെ ഒരു ലക്ഷം പേരെയാണ് വിവിധ സ്ഥലങ്ങളിൽ നിന്നും അവരുടെ സ്വന്തം രാജ്യത്ത് സുരക്ഷിതമായി എത്തിച്ചത്. ഇതിൽ എഴുപത്തിരണ്ടു ശതമാനം പേരും മാർച്ച് 24നാണ് അവരവരുടെ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തതെന്നും കമ്പനി ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

“ഉയർന്ന നിലവാരമുള്ള എയർ ഫിൽറ്റർ സിസ്റ്റവും ആളുകളെ നിരീക്ഷിക്കാൻ കൃത്യമായ ബയോ സെക്യൂരിറ്റി സിസ്റ്റവും മികച്ച സ്റ്റാഫുകളുമാണ് കൂടുതൽ സർവീസുകൾ നടത്താനും കൂടുതൽ പേരെ സ്വന്തം രാജ്യത്തെത്തിക്കാനും സഹായിച്ചത്.”

“ഏഷ്യയിൽ നിന്നും അമേരിക്കയിലേക്കും യൂറോപ്പിലേക്കും സാധാരണ സർവീസുകൾ നടത്തുന്നതിനു പുറമേ മാർച്ച് 24നു മാത്രം പതിനായിരം എക്സ്ട്രാ സീറ്റുകൾ ഖത്തർ എയർവേയ്സിന്റെ സർവീസിൽ ഉൾപ്പെടുത്തിയിരുന്നു. ദോഹയിൽ നിന്നും പെർത്ത്, ഡബ്ലിൻ, പാരീസ് എന്നീ നഗരങ്ങളിലേക്ക് അഡീഷണൽ സീറ്റുകൾ ഉൾപ്പെടുത്തിയതിനു പുറമേ ഫ്രാങ്ക്ഫർട്, ഹീത്രൂ, പെർത്ത് എന്നിവടങ്ങളിലേക്ക് അപ്ഗ്രേഡ് ചെയ്ത സർവീസുകളും ഉണ്ടായിരുന്നു.”

“വിവിധ രാജ്യങ്ങളിലെ എംബസികളുമായി സഹകരിച്ച് ഫ്നോം പെഞ്ഞ്, ഡെൻപാസാർ, മനില, ക്വാലാലംപൂർ എന്നിവടങ്ങളിൽ നിന്നും യൂറോപ്പിലേക്ക് ഒരോ സർവീസ് വീതം നടത്തിയിരുന്നു. ഒരാഴ്ചക്കിടെ അയ്യായിരത്തിലധികം പേരാണ് ഇതുവഴി സ്വന്തം രാജ്യത്തെത്തിയത്. അതിനു മുൻപത്തെ ആഴ്ചയിലെ കണക്കു വെച്ചു നോക്കുമ്പോൾ മൂന്നിരട്ടി യാത്രക്കാരാണ് ഈയാഴ്ച യാത്ര ചെയ്തത്.” എയർലൈൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

കണക്കുകൾ പ്രകാരം യുകെ, ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിൽ നിന്നും പുറത്തേക്കുള്ള സെർവീസുകളുടെ എണ്ണത്തിൽ വലിയ ഇടിവാണു സംഭവിച്ചിരിക്കുന്നത്. ഇത്തരമൊരു സമയത്ത് എഴുപത്തഞ്ചോളം സർവീസുകൾ നടത്തുന്ന ഖത്തർ എയർവേയ്സ് വലിയൊരു മാതൃകയാണു കാണിച്ചു കൊടുക്കുന്നത്. എന്നാൽ നിയന്ത്രണങ്ങൾ കൂടുന്നതിനനുസരിച്ച് ഇതിൽ മാറ്റം വന്നേക്കാനിടയുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker