അന്തർദേശീയംഖത്തർ

ഖത്തർ ഉപരോധം അവസാനിപ്പിക്കുന്നതിൽ അനുകൂല നിലപാടുമായി ഈജിപ്തും യുഎഇയും

മൗനം പാലിച്ചു നിന്ന ഈജിപ്തും യുഎഇയും പ്രതികരിച്ചതോടെ ഗൾഫ് പ്രതിസന്ധി അവസാനിക്കാനുള്ള സാഹചര്യങ്ങൾക്ക് വഴി തുറക്കുന്നു. മൂന്ന് വർഷത്തിലേറെയായി ഖത്തറിനെതിരെ നടത്തുന്ന ഉപരോധം നീക്കുന്നതിന് അനുകൂലമായി ഒരാഴ്ച മുൻപ് കുവൈത്ത് പ്രതികരണം നടത്തിയിരുന്നു.

ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ കുവൈത്ത് നടത്തുന്ന ഈ മധ്യസ്ഥശ്രമങ്ങളെ സ്വാഗതം ചെയ്യുന്നു എന്ന് ചൊവ്വാഴ്ച ഈജിപ്ത് പ്രസ്താവിച്ചു. ഒരാഴ്ചയോളം നീണ്ട മൗനത്തിനൊടുവിലാണ് ഇത്തരത്തിലൊരു പ്രസ്താവന ഈജിപ്തിൽ നിന്ന് ഉണ്ടായിട്ടുള്ളത്.

2017 ജൂൺ 5ന് ആണ് ഖത്തറിനെ അയൽരാജ്യങ്ങളായ സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ ഉപരോധിക്കുന്നത്. ഖത്തറുമായുള്ള കര,കടൽ, വായു മാർഗ്ഗങ്ങൾ ഇതിന്റെ തുടർച്ചയായി ഈ രാജ്യങ്ങൾ അടക്കുകയും ചെയ്തു.

ഖത്തറുമായുള്ള ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കുവൈത്ത് നടത്തിയ നിരന്തരമായ പരിശ്രമങ്ങൾ അഭിനന്ദനാർഹം ആണെന്നും പ്രശ്നകാരണങ്ങൾ ആഴത്തിൽ പഠിച്ച് വേണ്ടവിധത്തിൽ നേരിടേണ്ടതുണ്ടെന്നും ഈജിപ്ത് വിദേശകാര്യ വക്താവ്, അഹമ്മദ് അസീസ് തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു.

അതിനിടെ അറേബ്യൻ ഗൾഫിലെ ഐക്യം നിലനിർത്തുന്നതിന് കുവൈത്തും യു എസ്സും നടത്തിയ ശ്രമങ്ങളെ തങ്ങളുടെ രാജ്വം വിലമതിക്കുന്നു എന്ന് യുഎഇ വിദേശകാര്യ മന്ത്രി അൻവർ ഗാർഗഷ് ട്വീറ്റ് ചെയ്തതും കാര്യങ്ങൾ നേരെയാവുന്നു എന്നാണ് കാണിക്കുന്നത്.

ഉപരോധ രാഷ്ട്രങ്ങളിൽ ബഹ്റൻ മാത്രമേ ഇനി ഇക്കാര്യത്തിൽ പ്രതികരണമറിയിക്കാനുള്ളൂ. ഈ മാസം നടക്കാനിരിക്കുന്ന ജിസിസി യോഗത്തിൽ പ്രതിസന്ധിക്ക് പൂർണ പരിഹാരവും, അതു സംബന്ധിച്ച് അന്തിമ കരാറും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker