കേരളംഖത്തർ

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേന്ദ്രസർക്കാർ വിലക്ക്, തീരുമാനം മാറ്റണമെന്ന് കേരളം

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സർക്കാർ വിലക്ക്. കൊവിഡ് ബാധയല്ലാതെ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനും ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണം. ഇക്കാര്യത്തിൽ വിവിധ വിമാനക്കമ്പനികൾക്ക് സർക്കാർ നിർദ്ദേശം നൽകി. ഇതേത്തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ രണ്ടു മലയാളികളുടെ മൃതദേഹം ഖത്തർ എയർവേയ്സ് വഴി നാട്ടിലെത്തിക്കുന്നത് അവസാന നിമിഷം നിർത്തി വെക്കേണ്ടി വന്നു.

അതേ സമയം കൊവിഡ് മൂലമല്ലാതെ മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള തടസം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള അപേക്ഷ പരിഗണിക്കാൻ മുൻപ് ഇന്ത്യൻ എംബസികളുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമായിരുന്നു. എന്നാൽ ഇതിനു പുറമേ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഇപ്പോൾ ആവശ്യമാണെന്നാണ് എംബസികൾ പറയുന്നത്. ഇത് ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.

കൊവിഡ് മൂലമല്ലാതെ മരിച്ച ആളുകളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നേരത്തെ കേന്ദ്ര സർക്കാർ അനുമതിയുണ്ടായിരുന്നു. അതിന് ഇത്തരം നടപടിക്രമങ്ങൾ ആവശ്യമുണ്ടായിരുന്നില്ല. യാത്രാ ഫ്ളൈറ്റുകൾ ഒഴിവാക്കിയതിനാൽ ചരക്കു വിമാനങ്ങളിലായിരുന്നു മൃതദേഹം എത്തിച്ചിരുന്നത്.

മൃതദേഹം നാട്ടിലെത്തിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വേണമെന്ന നിർബന്ധം ഒഴിവാക്കണമെന്ന നിർദ്ദേശം എംബസികൾക്കു നൽകണമെന്നാണ് മുഖ്യമന്ത്രി അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കിൽ തന്നെ പ്രവാസികളും അവരുടെ വീട്ടുകാരും വലിയ ആശങ്കയിൽ തുടരുന്ന സമയത്ത് അവരെ കൂടുതൽ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നടപടികൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker