കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു, ഇന്നു രോഗം സ്ഥിരീകരിച്ചത് 761 പേർക്ക്

ഖത്തറിൽ കൊവിഡ് ബാധിതരുടെ എണ്ണം വലിയ തോതിൽ ഉയരുന്നു. ഇന്നു മാത്രം രോഗം സ്ഥിരീകരിച്ചത് 761 പേർക്കാണ്. ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്ന ആളുകളുടെ എണ്ണം വച്ചു നോക്കുമ്പോൾ ഏറ്റവും ഉയർന്ന കണക്കാണ് ഇന്നത്തേത്. അതേ സമയം 59 പേർക്ക് ഇന്നു രോഗം ഭേദമായിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2431 പേരിൽ പരിശോധന നടത്തിയാണ് 761 പേർക്ക് രോഗബാധയുള്ളതായി കണ്ടെത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 75888 ആയി. ഇത്രയും പേരെ പരിശോധിച്ചതിൽ 8525 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇവരിൽ 7706 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

59 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 809 ആയി. ഇതു വരെ പത്തു മരണമാണ് രാജ്യത്തു സംഭവിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവർക്കെല്ലാം കൃത്യമായ മെഡിക്കൽ സംരക്ഷണം നൽകുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

രോഗം കുറഞ്ഞു തുടങ്ങുന്നതിനു മുൻപ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്നാണ് ഇക്കാര്യത്തിൽ ആരോഗ്യ മന്ത്രാലയം പ്രതികരിച്ചത്. രോഗവ്യാപനത്തിന്റെ ഗതി കൃത്യമായി കണ്ടെത്തിയതു കൊണ്ടാണ് പരിശോധന കൂടുതൽ നടത്തുന്നതെന്നും രോഗികളുടെ എണ്ണം കൂടുന്നതെന്നും മിനിസ്ട്രി പറഞ്ഞു. എങ്കിലും രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് ആശങ്കയുണർത്തുന്നുണ്ട്.

Exit mobile version