ടേക്ക് എവേ നിർത്തലാക്കി, ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണം ഹോം ഡെലിവറിയായി മാത്രം

റെസ്റ്ററന്റുകളുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് ഖത്തർ മിനിസ്ട്രി ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി. റസ്റ്ററന്റുകളിൽ ആളുകളെ പ്രവേശിപ്പിക്കാനോ ടേക്ക് എവേ സൗകര്യങ്ങൾ ഏർപ്പെടുത്താനോ പാടില്ല. ഹോട്ടലിന്റെ മുൻവാതിൽ അടച്ച് ഭക്ഷണ വിതരണം ഹോം ഡെലിവറിയായി മാത്രം നൽകിയാൽ മതിയെന്നാണ് പുതിയ നിർദ്ദേശം വ്യക്തമാക്കുന്നത്.

കൊവിഡ് 19 രാജ്യത്ത് പടരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം ഖത്തർ കൈക്കൊണ്ടത്. കസ്റ്റമേഴ്സ് സാധനങ്ങൾ വാങ്ങിക്കാൻ റസ്റ്ററന്റുകളിൽ വരുന്നത് ഒഴിവാക്കണമെന്നും സ്ഥാപനത്തിനകത്തേക്ക് കസ്റ്റമേഴ്സിനെ അനുവദിക്കാതിരിക്കാൻ വാതിൽ അടച്ചിടണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

അതേ സമയം ടൂറിസ്റ്റ് ഏരിയകൾ, സ്പോർട്സ് ക്ലബുകൾ, ലുസൈൽ സിറ്റി, ദി പേൾ തുടങ്ങി കിയോസ്‌ക് ലൈസൻസുള്ള റസ്റ്ററന്റുകൾക്ക് ഇതു ബാധകമല്ല. ഇത്തരം സ്ഥാപനങ്ങൾ അടുത്ത അറിയിപ്പുണ്ടാകുന്നതു വരെ അടച്ചിടാൻ തന്നെയാണു തീരുമാനം.

ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ മതിയായ സുരക്ഷാ മുൻകരുതലുകൾ എടുത്തിരിക്കണം. നിർദ്ദേശങ്ങൾ ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നും ആളുകൾ ഔദ്യോഗിക അറിയിപ്പുകൾ മാത്രമേ വിശ്വസിക്കാവൂ എന്നും മന്ത്രാലയം അറിയിച്ചു.

Exit mobile version