ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ കാറുകളിൽ നിന്നും മോഷണങ്ങൾ നടത്തിയ പ്രവാസി അറസ്റ്റിൽ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാറുകളിൽ നിന്ന് നിരവധി മോഷണങ്ങൾ നടത്തിയ പ്രതിയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. കാറുകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പ്രത്യേക സംഘം രൂപീകരിച്ച് പരാതികൾ പരിശോധിച്ച് പ്രതിയെ കണ്ടെത്തുകയായിരുന്നു.

ചോദ്യം ചെയ്യലിൽ, ഏഷ്യൻ പ്രവാസിയായ ഇയാൾ, അടയ്ക്കാത്തതോ പൂട്ടാത്തതോ ആയ കാറുകൾ ലക്ഷ്യമിട്ടാണ് മോഷണം നടത്തുന്നതെന്ന് സമ്മതിച്ചു. മോഷ്ടിച്ച വസ്തുക്കൾ ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തുകയും അവ പിടിച്ചെടുക്കുകയും നിയമനടപടി സ്വീകരിക്കാൻ അധികാരികൾക്ക് റഫർ ചെയ്യുകയും ചെയ്തു.

വാഹനങ്ങളും ഉള്ളിലുള്ള വസ്തുക്കളും സുരക്ഷിതമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. വാഹനങ്ങൾ കൃത്യമായി ലോക്ക് ചെയ്യണമെന്നും കാറിനുള്ളിൽ സാധനങ്ങൾ കാണത്തക്ക വിധത്തിൽ ഉപേക്ഷിക്കരുതെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം ആളുകളെ ഓർമ്മിപ്പിച്ചു, സംശയാസ്പദമായ കേസുകൾ ഹെൽപ്പ് ലൈൻ 999ൽ അറിയിക്കാൻ എല്ലാവരോടും അഭ്യർത്ഥിച്ചു.

Exit mobile version