തന്ത്രപരമായ സഹകരണം വീണ്ടും സജീവമാക്കാൻ ഖത്തർ എയർവേയ്സും ഇൻഡിഗോയും

കോവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ഇന്ത്യൻ ഗവൺമെന്റ് നിര്‍ത്തിവെച്ച സാധാരണ അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് പിന്‍വലിച്ചതിന് പിന്നാലെ ഖത്തര്‍ എയര്‍വേയ്സും ഇന്‍ഡിഗോയും തങ്ങളുടെ തന്ത്രപരമായ സഹകരണം വീണ്ടും സജീവമാക്കാനൊരുങ്ങുന്നു.

ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ്, അമൃത്സര്‍, ഗോവ, കൊല്‍ക്കത്ത, തിരുവനന്തപുരം എന്നിങ്ങനെ ഇന്ത്യയിലെ 12 സ്ഥലങ്ങളിലേക്കും തിരിച്ചും ആഴ്ചയില്‍ 190 ഖത്തർ എയർവേയ്സ് ഫ്ലൈറ്റുകൾ സര്‍വീസ് നടത്തുന്നുണ്ട്.

ദോഹയ്ക്കും മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ എട്ട് നഗരങ്ങള്‍ക്കിടയില്‍ ആഴ്ചയില്‍ 154 ഇൻഡിഗോ വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ട്.

ഖത്തര്‍ എയര്‍വേയ്സും ഇന്‍ഡിഗോയും തമ്മിലുള്ള വിപുലീകരിച്ച കോഡ്-ഷെയര്‍ കരാറിന്റെ ഭാഗമായി, ദോഹയ്ക്കും ഡല്‍ഹിക്കും മുംബൈയ്ക്കും ഹൈദരാബാദിനുമിടയില്‍ 2022 ഏപ്രില്‍ 25 മുതലും ചെന്നൈ, ബംഗളൂരു, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ മെയ് 9 മുതലും ഇന്‍ഡിഗോ വിമാനങ്ങളില്‍ ഖത്തര്‍ എയര്‍വേയ്സ് മാര്‍ക്കറ്റിംഗ് കോഡ് സ്ഥാപിക്കും.

ഖത്തര്‍ എയര്‍വേയ്സ്, ഇന്‍ഡിഗോ വിമാനങ്ങള്‍ ഖത്തര്‍ എയര്‍വേയ്സിന്റെ ഹബ്ബായ ദോഹയിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി മികച്ച രീതിയില്‍ ബന്ധിപ്പിച്ചിരിക്കുന്നു. വടക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ/ഓസ്ട്രേലിയ എന്നിവയുള്‍പ്പെടെ എയര്‍ലൈനിന്റെ മുഴുവന്‍ റൂട്ട് നെറ്റ്വര്‍ക്കുകളിലേക്കും തടസ്സങ്ങളില്ലാത്തതും സൗകര്യപ്രദവുമായ പ്രയോജനം നേടാന്‍ ഇത് യാത്രക്കാരെ അനുവദിക്കുന്നു.

ഇന്‍ഡിഗോയുമായുള്ള ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം ഖത്തറും ഇന്ത്യയും തമ്മിലുള്ള വ്യോമയാന വികസനത്തിലെ മറ്റൊരു നാഴികക്കല്ലാണെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു. ഖത്തര്‍ എയര്‍വേയ്സും ഇന്‍ഡിഗോയും സ്ട്രാറ്റജിക് സഹകരണത്തിലൂടെ ഇന്ത്യയിലെ 13 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയില്‍ 340 സര്‍വീസുകള്‍ നടത്തും.

Exit mobile version