ഖത്തർ പാസ്പോർട്ടിന് ആഗോളതലത്തിൽ കൂടുതൽ സ്വീകാര്യത, റാങ്കിംഗിൽ കുതിപ്പ്

പുതിയ റാങ്കിംഗ് അനുസരിച്ച് 2021നെ അപേക്ഷിച്ച് ഖത്തരി പാസ്‌പോർട്ടിന് ലോകമെമ്പാടുമുള്ള സ്വീകാര്യത മെച്ചപ്പെട്ടു. ഹെൻലി പാസ്‌പോർട്ട് സൂചികയിൽ കഴിഞ്ഞ വർഷം ജൂലൈയിൽ ഉണ്ടായിരുന്ന 59ആം റാങ്കിംഗിൽ നിന്ന് 14 സ്ഥാനങ്ങൾ കയറി 45ആം സ്ഥാനത്താണ് ഖത്തറി പാസ്പോർട്ട് ഇപ്പോഴുള്ളത്.

199 പാസ്‌പോർട്ടുകളുടെ നിലവിലെ റാങ്കിംഗ് 2022ന്റെ ആദ്യ പാദത്തിലേതാണ്. ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് എന്നത് അവരുടെ ഉടമകൾക്ക് മുൻകൂർ വിസയില്ലാതെ ആക്‌സസ് ചെയ്യാൻ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം അനുസരിച്ചു കണക്കാക്കുന്ന ലോകത്തെ എല്ലാ പാസ്‌പോർട്ടുകളുടെയും ആധികാരിക റാങ്കിംഗ് ആണ്. ഏറ്റവും വലിയതും കൃത്യവുമായ യാത്രാ വിവരശേഖരണമായ ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (IATA) എക്സ്ക്ലൂസീവ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് സൂചിക.

ഖത്തർ പാസ്‌പോർട്ട് ഉടമകൾക്ക് വിസയില്ലാതെ ലോകമെമ്പാടുമുള്ള 51 ലക്ഷ്യസ്ഥാനങ്ങൾ സന്ദർശിക്കാമെന്നും 40 രാജ്യങ്ങൾ വിസ ഓൺ അറൈവൽ നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഖത്തർ പാസ്‌പോർട്ട് ഉടമകൾക്ക് 103 രാജ്യങ്ങളിലേക്ക് മുൻകൂർ വിസ ആവശ്യമാണ്. റിപ്പോർട്ടിൽ ഖത്തറിന് 95% മൊബിലിറ്റി സ്‌കോർ ലഭിച്ചു.

ജപ്പാനും സിംഗപ്പൂരും 192 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനവുമായി ഒന്നാം സ്ഥാനത്തെത്തി. 190 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനവുമായി രണ്ടാം സ്ഥാനത്തെത്തി. ഇരു രാജ്യങ്ങളുടെയും മൊബിലിറ്റി സ്‌കോർ 189 ആണ്. ഫിൻലാൻഡ്, ഇറ്റലി, ലക്‌സംബർഗ്, സ്‌പെയിൻ എന്നിവ 189 സ്‌കോറുമായി മൂന്നാം സ്ഥാനത്താണ്.

40ൽ താഴെ രാജ്യങ്ങളിലേക്ക് വിസ-ഫ്രീ അല്ലെങ്കിൽ വിസ-ഓൺ-അറൈവൽ ആക്‌സസ് ഉള്ള നിരവധി രാജ്യങ്ങളുടേത് ഏറ്റവും മോശം പാസ്‌പോർട്ടുകളായി റാങ്ക് ചെയ്തിട്ടുണ്ട്. മൊബിലിറ്റി സ്‌കോർ 26 ഉള്ള അഫ്ഗാനിസ്ഥാൻ പാസ്‌പോർട്ട് സൂചികയിൽ ഏറ്റവും കുറഞ്ഞ സ്ഥാനത്താണ്. പാൻഡെമിക് മാറ്റിനിർത്തിയാൽ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മൊത്തത്തിലുള്ള യാത്രാ സ്വാതന്ത്ര്യത്തിന്റെ അളവ് വളരെയധികം വികസിച്ചിട്ടുണ്ടെന്ന് റാങ്കിംഗ് റിപ്പോർട്ട് പറയുന്നു.

2006ൽ ഒരു വ്യക്തിക്ക്, മുൻകൂറായി വിസ നേടാതെ തന്നെ ശരാശരി 57 രാജ്യങ്ങൾ സന്ദർശിക്കാമായിരുന്നു. നിലവിൽ ഇത് ഏകദേശം ഇരട്ടിയായി 107 ആയിട്ടുണ്ട്. എന്നിരുന്നാലും, ഈ പുതിയ സ്വാതന്ത്ര്യങ്ങൾ പ്രധാനമായും ആസ്വദിക്കുന്നത് യൂറോപ്പ്, വടക്കേ അമേരിക്ക, ചില ഏഷ്യൻ രാജ്യങ്ങൾ എന്നിവയുടെ പാസ്‌പോർട്ട് ഉടമകളാണ്.

Exit mobile version