ഖത്തർ

വേതനവും സ്ഥാനക്കയറ്റവും മികവിനെയും ഉൽപാദനക്ഷമതയെയും അടിസ്ഥാനമാക്കിയാണു നൽകേണ്ടതെന്ന് അമീർ

ഖത്തറിൽ സർക്കാർ മേഖലയിലെ വേതനവും സ്ഥാനക്കയറ്റവും മികവ്, ഉൽപാദനക്ഷമത എന്നിവ കണക്കിലെടുത്തു കൊണ്ടായിരിക്കണമെന്നും ഇത് രാജ്യത്തെ എല്ലാ ജീവനക്കാർക്കും ബാധകമാണെന്നും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ചൊവ്വാഴ്ച രാവിലെ ഷൂറ കൗൺസിലിന്റെ 49-ാമത് ഓർഡിനറി സെഷന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

സർക്കാർ മേഖലയെ സംബന്ധിച്ചിടത്തോളം വികസന പരിപാടികളും പദ്ധതികളും വളരെ കൃത്യതയോടെയും കാര്യക്ഷമതയോടെയും നടപ്പാക്കേണ്ടതുണ്ട്. രാജ്യത്തെ വിവിധ മേഖലകളിലെ ജോലികൾ ഒരു അവകാശം മാത്രമല്ല, കടമയും ഉത്തരവാദിത്തവുമാണെന്ന് ഞാൻ ആവർത്തിക്കുന്നു. അതിനാൽ, വേതനവും സ്ഥാനക്കയറ്റവും മികവുമായും ഉൽ‌പാദനക്ഷമതയുമായും ബന്ധിപ്പിക്കുകയും സംസ്ഥാനത്തെ എല്ലാ ജീവനക്കാർക്കും ഇത് ബാധകമാക്കുകയും വേണം.”

”വ്യക്തികൾക്ക് വലിയ ജോലിയൊന്നുമില്ലാതെ ശമ്പളം ലഭിക്കുന്നത് ഒരു സ്വകാര്യമേഖലയിലെ നിക്ഷേപകനും സഹിക്കില്ലെന്നത്, സ്വന്തം രാജ്യത്തു നിന്നും പ്രതീക്ഷിക്കണം.” അമീർ പ്രസംഗത്തിൽ പറഞ്ഞു.

ഭാവിതലമുറകൾക്കായി പരമാധികാര ഫണ്ടിൽ നിക്ഷേപിക്കുന്നതുൾപ്പെടെ വരുമാന സ്രോതസ്സുകളെ വൈവിധ്യവത്കരിക്കാൻ സംസ്ഥാനം പരമാവധി ശ്രമിക്കണമെന്നും അമീർ പറഞ്ഞു.

“നമ്മുടെ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ദീർഘകാല വീക്ഷണത്തിന്റെയും അതിന്റെ ആസൂത്രണത്തിന്റെയും ഭാഗമായി, കഴിഞ്ഞ കുറച്ച് വർഷങ്ങളായി നേരിട്ട വികസന തടസ്സങ്ങളെയും വെല്ലുവിളികളെയും മറികടക്കാൻ കഴിഞ്ഞിട്ടുണ്ട്. തൽഫലമായി, 2020ൽ അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസികൾ നടത്തിയ പഠനത്തിൽ ഖത്തറിന്റെ ക്രെഡിറ്റ് റേറ്റിംഗ് നിലനിർത്തിയിട്ടുണ്ട്. ഖത്തറിന് ഉയർന്ന ക്രെഡിറ്റ് റേറ്റിംഗ് ഈ ഏജൻസികൾ ഏകകണ്ഠമായാണ് സ്ഥിരീകരിച്ചത്.”

“ഇത് ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയുടെ ശക്തിയേയും നിലവിലെ പാൻഡെമിക് പ്രതിസന്ധി ഉൾപ്പെടെയുള്ള പ്രധാന സാമ്പത്തിക പ്രതിസന്ധികളെ നേരിടാനുള്ള കഴിവിനെയും, ഉപരോധമുണ്ടായിട്ടും വികസനം ഉണ്ടാക്കിയെടുക്കാനുള്ള ആത്മവിശ്വാസത്തെയും സൂചിപ്പിക്കുന്നു.”

“എന്നിരുന്നാലും, ഇത് മന്ദതയിലേക്കും അലംഭാവത്തിലേക്കും നയിക്കരുത്. രാജ്യത്തിന്റെ ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഇപ്പോഴും വലിയ വെല്ലുവിളികൾ ഉണ്ട്. അത് നിറവേറ്റുന്നതിന് സാമ്പത്തിക വൈവിധ്യവൽക്കരണം വർദ്ധിപ്പിച്ചും പൊതുമേഖലയിലെ തൊഴിലാളികളുടെ ഉൽപാദനക്ഷമതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിലൂടെയും സ്വകാര്യമേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും മാത്രമേ ഇത് സാധ്യമാകൂ.” അമീർ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker