ഖത്തർ

തൊഴിൽ നിയമത്തിലെ ഭേദഗതികളെ കുറിച്ചുള്ള ബിസിനസുകാരുടെ കാഴ്ചപ്പാടുകൾ ഖത്തർ ചേംബറും മന്ത്രാലയവും ചർച്ച ചെയ്തു

അടുത്തിടെയുണ്ടായ തൊഴിൽ നിയമ ഭേദഗതികൾ സ്വകാര്യമേഖലയിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ബിസിനസുകാരുടെ ആശങ്കകളും കാഴ്ചപ്പാടുകളും അവലോകനം ചെയ്യുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെന്റ്, ലേബർ, സോഷ്യൽ അഫയേഴ്സ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ഖത്തർ ചേംബർ യോഗം ചേർന്നു.

സ്വകാര്യമേഖലയിലെ ജോലികൾ മാറ്റാൻ തൊഴിലാളികളെ അനുവദിക്കുന്ന പുതിയ ഭേദഗതികളെക്കുറിച്ചുള്ള  ബിസിനസുകാരുടെ നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും ചേംബർ അവലോകനം ചെയ്തു. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും കാര്യങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ ഉൾപ്പെടുത്തുന്നതിനായി നിരവധി നിർദേശങ്ങൾ ചേംബർ തൊഴിൽ മന്ത്രാലയത്തിന് സമർപ്പിച്ചു. തൊഴിലുടമകൾ, കമ്പനികൾ, തൊഴിലാളികൾ എന്നിങ്ങനെ എല്ലാ പാർട്ടികളുടെയും താൽപര്യം ഉറപ്പുവരുത്തുന്ന തരത്തിലുള്ളതാണ് നിർദ്ദേശങ്ങൾ.

തൊഴിൽ, തൊഴിലാളികൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിന് ചേംബറും മന്ത്രാലയവും സംയുക്ത സമിതികൾ വഴി ഏകോപനം വർദ്ധിപ്പിക്കാൻ ചർച്ചയിൽ ധാരണയായി. എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ, കമ്പനികൾക്കോ തൊഴിലുടമകൾക്കോ തൊഴിലാളികൾക്കോ ഒരു ദോഷവും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും തടസ്സങ്ങൾ പരിഹരിക്കാനും പതിവ് മീറ്റിംഗുകൾ നടത്താമെന്നും ധാരണയായി.

തൊഴിൽ നിയമങ്ങളിലെ ഭേദഗതികൾ സംബന്ധിച്ച് മന്ത്രാലയവുമായി തൊഴിലുടമകളുടെ അവകാശവാദങ്ങളും പരാതികളും ചേംബർ ചർച്ച ചെയ്യുന്നത് തുടരുമെന്നും എല്ലാ പാർട്ടികളുടെയും അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയവുമായി ഏകോപിപ്പിക്കുന്നത് തുടരുമെന്നും ഖത്തർ ചേംബർ ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ ജാസിം അൽ താനി പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker