അന്തർദേശീയംഖത്തർ

തുർക്കിയിൽ ഖത്തറിന്റെ നിക്ഷേപത്തിൽ വൻ വർദ്ധനവ്, ഇതുവരെ വിപണിയിൽ നിക്ഷേപിച്ചത് ഇരുപത്തിരണ്ടു ബില്യൺ ഡോളറിലധികം

ഖത്തറും തുർക്കിയും തമ്മിലുള്ള ബന്ധം വർദ്ധിച്ചു വരുന്നതായി തുർക്കി റിപ്പബ്ലിക്കിന്റെ അംബാസഡർ മെഹ്മെത് മുസ്തഫ ഗോക്സു പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അടുത്ത കാലത്തായി എല്ലാ മേഖലകളിലും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി ക്യുഎൻഎയ്ക്ക് നൽകിയ പ്രസ്താവനയിൽ അംബാസഡർ പറഞ്ഞു.

ഖത്തർ-തുർക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി മീറ്റിംഗുകൾ വർഷം തോറും ഉന്നതതലത്തിൽ നടത്തുന്നത് ഈ ബന്ധത്തിന്റെ കരുത്തിന്റെ സൂചനയാണെന്നും വിവിധ രാജ്യങ്ങളിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് തന്ത്രപരമായ സഖ്യകക്ഷികളെന്ന നിലയിൽ ഇരു രാജ്യങ്ങളുടെയും പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാദേശികവും അന്തർദ്ദേശീയവുമായ രാഷ്ട്രീയ, സാമ്പത്തിക വെല്ലുവിളികളുടെ വെളിച്ചത്തിലാണ് ഖത്തർ-തുർക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി യോഗം നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുമ്പ് ഒപ്പുവെച്ച 52 കരാറുകൾക്ക് പുറമേ നിരവധി പുതിയ കരാറുകൾ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെക്കുമെന്ന് അംബാസഡർ വിശദീകരിച്ചു.

പുതിയ സഹകരണ കരാറുകളിൽ ഒപ്പുവെച്ച ശേഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകളുടെ എണ്ണം അറുപതിൽ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് സാമ്പത്തിക, വ്യാവസായിക, സാംസ്കാരിക, ഇസ്ലാമിക കാര്യങ്ങൾ, കുടുംബ മേഖല എന്നിവയുൾപ്പെടെ നിരവധി വൈവിധ്യമാർന്ന മേഖലകളെ ഉൾക്കൊള്ളുന്നു.

തുർക്കി വിപണിയിൽ കരാറിൽ ഏർപ്പെടുന്ന മൂന്നാമത്തെ വലിയ നിക്ഷേപകരാണ് ഖത്തറി കമ്പനികൾ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 179ൽ അധികം ഖത്തറി കമ്പനികൾ തുർക്കിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഖത്തരി നിക്ഷേപത്തിന്റെ അളവ് 22 ബില്യൺ ഡോളറിലധികം എത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2016ൽ എത്തിയ 30000 സന്ദർശകരിൽ നിന്ന് കഴിഞ്ഞ വർഷം തുർക്കിയിലേക്കെത്തിയ ഖത്തറി സന്ദർശകരുടെ എണ്ണം 110,000 ആയി ഉയർന്നുവെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker