അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

കൊവിഡ് രോഗമുക്തി നേടുന്നവർ വർദ്ധിക്കുന്നു, ഖത്തറിൽ ഇന്നു രോഗം സ്ഥിരീകരിച്ചത് 1365 പേർക്ക്

ഖത്തറിൽ ഇന്നു പുതിയതായി 1365 പേർക്കു കൂടിയാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 33969 ആയി. അതേ സമയം ഇന്ന് 529 പേർക്കാണ് അസുഖം ഭേദമായത്. ഇന്നലെയത് 582 ആയിരുന്നു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 4899 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4125 പേർക്ക് ടെസ്റ്റുകൾ നടത്തിയാണ് 1365 പേർക്ക് രോഗബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. ഇന്നലെ 4866 പേർക്കു പരിശോധന നടത്തിയപ്പോൾ 1632 പേർക്കായിരുന്നു രോഗം കണ്ടെത്തിയത്. ഇതു വരെ 161695 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയിരിക്കുന്നത്. ഇന്നത്തോടെ 4899 പേർക്ക് രോഗം ഭേദമായപ്പോൾ 29055 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 1436 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്.

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ മാത്രം പത്തൊൻപതു കൊവിഡ് രോഗികളെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടുണ്ട്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 172 ആണ്. ഖത്തറിലെ കൊവിഡ് വ്യാപനം ഉയർന്ന ഘട്ടത്തിലായതു കൊണ്ട് എല്ലാവരും സുരക്ഷാ നടപടികൾ കൃത്യമായി പാലിക്കണമെന്ന് മിനിസ്ട്രി ആവശ്യപ്പെട്ടു.

അതേ സമയം രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായത് ആശ്വാസമാണ്. ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികൾക്കിടയിൽ രോഗം ബാധിച്ചവരിൽ നിന്നും പകർന്നാണ് കൂടുതൽ പേർക്ക് വൈറസ് ബാധിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. തുടക്കത്തിൽ തന്നെ പരിശോധന നടത്താൻ കഴിഞ്ഞതു കൊണ്ട് ഇതിന്റെ വ്യാപനത്തെക്കുറിച്ച് മനസിലാക്കാൻ കഴിഞ്ഞുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗവ്യാപനത്തിന്റെ ഗതി കൃത്യമായി കണ്ടെത്തി പരിശോധന നടത്തുന്നതു കൊണ്ടാണ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതെന്നാണ് മന്ത്രാലയം പറയുന്നത്.

ജോലി സ്ഥലങ്ങളിൽ നിന്നും വൈറസ് ബാധയേൽക്കുന്നവരും കുടുംബാംഗങ്ങളെ സന്ദർശിക്കുക വഴി രോഗം വന്നവരുമുണ്ട്. കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതും വൈറസ് ബാധിതരുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്. എല്ലാവർക്കും കൃത്യമായ മെഡിക്കൽ സംരക്ഷണം നൽകുന്നുണ്ടെന്നും ഭൂരിഭാഗം രോഗികളും ചെറിയ രോഗലക്ഷണങ്ങൾ മാത്രമേ കാണിക്കുന്നുള്ളൂവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker