HealthQatar

സമീപകാലത്തെ കൊവിഡ് മരണങ്ങളെല്ലാം വാക്സിൻ ഡോസുകൾ സ്വീകരിക്കാത്തവരെന്ന് ഡോ. സോഹ അൽ ബയാത്ത്

സമീപകാലത്തുണ്ടായ കൊവിഡ് മരണങ്ങളെല്ലാം വാക്സിൻ ഡോസുകൾ സ്വീകരിക്കാത്ത ആളുകളാണെന്നും ഐസിയുവിലുള്ളവരിൽ ഭൂരിഭാഗവും വാക്സിൻ എടുത്തിട്ടില്ലെന്നും അല്ലെങ്കിൽ ഒന്നും രണ്ടും ഡോസുകൾ മാത്രം എടുത്തവരാണെന്നും ആരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ മേധാവി ഡോ. സോഹ അൽ ബയാത്ത് പറഞ്ഞു.

ഗുരുതരമായ അണുബാധയിൽ നിന്ന് നിങ്ങളെ കൂടുതൽ സംരക്ഷിക്കാൻ ബൂസ്റ്റർ ഡോസ് എടുക്കേണ്ടതിന്റെ പ്രാധാന്യം ഇതു കാണിക്കുന്നുവെന്ന് അവർ അറിയിച്ചു. കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസിനെക്കുറിച്ചുള്ള ഏറ്റവും സാധാരണമായ ചോദ്യങ്ങൾക്ക് ഡോ. സോഹ അൽ ബയാത്ത് ഉത്തരം നൽകുകയായിരുന്നു.

ബൂസ്റ്റർ ഡോസിന് അർഹതയുള്ളത് ആരാണ്?

12 വയസോ അതിൽ കൂടുതലോ പ്രായമുള്ള, കൊവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് എടുത്ത് കുറഞ്ഞത് ആറ് മാസമെങ്കിലും ആയിട്ടുള്ളവർക്ക് ഇപ്പോൾ വാക്‌സിന്റെ മൂന്നാമത്തെ ബൂസ്റ്റർ ഡോസ് എടുക്കാൻ അർഹതയുണ്ട്.

രണ്ട് ഡോസ് എടുത്ത ആളുകൾക്ക് ബൂസ്റ്റർ ഡോസ് ആവശ്യമായി വരുന്നത് എന്തുകൊണ്ട്?

കൊവിഡ് വാക്സിനുകളുടെ രണ്ടാം ഡോസിൽ നിന്ന് ലഭിക്കുന്ന പ്രതിരോധശേഷി ആറ് മാസത്തിന് ശേഷം കുറയാൻ തുടങ്ങുമെന്ന് ശാസ്ത്രീയ തെളിവുകൾ കാണിക്കുന്നു. അതുകൊണ്ടാണ് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനു ബൂസ്റ്റർ ഡോസ് എടുക്കേണ്ടി വരുന്നത്.

ബൂസ്റ്റർ ഡോസ് ഫലപ്രദമാണോ?

മൂന്നാമത്തേത് അല്ലെങ്കിൽ ബൂസ്റ്റർ ഡോസ് നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുമെന്നും മിതമായ രോഗങ്ങളിൽ നിന്ന് നിങ്ങൾക്ക് 75% വരെ സംരക്ഷണം നൽകുമെന്നും സമീപകാല ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സമീപകാലത്തു മരണം സംഭവിച്ചവർ വാക്സിൻ ഡോസുകൾ സ്വീകരിക്കാത്തവരാണ്. ഐസിയുവിലുള്ളവരിൽ ഭൂരിഭാഗവും ഒന്നുകിൽ വാക്സിൻ എടുത്തിട്ടില്ല അല്ലെങ്കിൽ ആദ്യത്തെയും രണ്ടാമത്തെയും ഡോസുകൾ മാത്രം എടുത്തവരാണ്. ഗുരുതരമായ അണുബാധയിൽ നിന്ന് നിങ്ങളെ കൂടുതൽ സംരക്ഷിക്കുന്നതിന് ബൂസ്റ്റർ ഡോസ് എടുക്കേണ്ടതിന്റെ പ്രാധാന്യം ഇതെല്ലാം കാണിക്കുന്നു.

ബൂസ്റ്റർ ഡോസ് ലഭിച്ചിട്ടുള്ളവർക്ക് കൊവിഡ് പിടിപെടുമോ?

കൊവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് എടുക്കുന്നത്, മിതമായ അണുബാധയിൽ നിന്ന് നിങ്ങൾക്ക് സംരക്ഷണം നൽകും. അതെ, നിങ്ങൾക്ക് ഇപ്പോഴും അണുബാധയുണ്ടായേക്കാം, എന്നാൽ നിങ്ങൾക്ക് ആശുപത്രി പരിചരണമോ പ്രവേശനമോ ആവശ്യമായി വരില്ല.

ബൂസ്റ്റർ ഡോസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടോ?

ഖത്തറിൽ ഇതുവരെ 365,000-ലധികം ഡോസ് കോവിഡ് ബൂസ്റ്ററുകൾ നൽകിയിട്ടുണ്ട്. കുത്തിവയ്പ്പിനു ശേഷം കൈ വേദന, തലവേദന, ശരീരവേദന, ചിലർക്ക് പനി തുടങ്ങിയ മിതമായ ലക്ഷണങ്ങൾ വാക്സിൻ എടുത്തതിന് ശേഷം വളരെ കുറച്ച് ആളുകൾക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഭൂരിഭാഗവും വളരെ നേരിയ ലക്ഷണങ്ങൾ മാത്രമായിരുന്നു. കൂടാതെ അവർക്ക് വൈദ്യസഹായം ആവശ്യം വന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button