HealthQatar

കൊവിഡ് രോഗികളെ പതിനാലു ദിവസം കഴിഞ്ഞു ഡിസ്ചാർജ് ചെയ്യുന്നതു സുരക്ഷിതമെന്ന് എച്ച്എംസി

ഖത്തറിൽ കൊവിഡ് പൊസിറ്റീവാകുന്ന രോഗികളെ പതിനാലു ദിവസം കഴിഞ്ഞാൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്ന പുതിയ പ്രൊട്ടോകോൾ പ്രശ്നങ്ങൾക്കു കാരണമാകില്ലെന്ന് എച്ച്എംസിയിലെ സീനിയർ വൈറോളജിസ്റ്റിന്റെ വെളിപ്പെടുത്തൽ. രോഗബാധ കണ്ടെത്തി പത്തു ദിവസം കഴിഞ്ഞ് രോഗലക്ഷണങ്ങളില്ലെങ്കിൽ അവരിൽ നിന്നും രോഗം മറ്റുള്ളവരിലേക്കു പകരാൻ ഒട്ടും സാധ്യതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഖത്തറിൽ ആദ്യത്തെ പരിശോധന കഴിഞ്ഞ് കൊവിഡ് പൊസിറ്റീവായ രോഗികൾ പതിനാലു ദിവസം കഴിഞ്ഞ് രോഗലക്ഷണം കാണിച്ചില്ലെങ്കിൽ അവരെ ഡിസ്ചാർജ് ചെയ്യുന്നുണ്ട്. മുൻപ് രണ്ടു ടെസ്റ്റ് നെഗറ്റീവ് ആയതിനു ശേഷമേ ഇവരെ ഡിസ്ചാർജ് ചെയ്തിരുന്നുള്ളു.

പുതിയ പ്രൊട്ടോക്കോൾ കാരണം രോഗവിമുക്തി നേടുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവും ഉണ്ടായിട്ടുണ്ട്. കൊവിഡിനെക്കുറിച്ച് അമേരിക്കയിലെയും യൂറോപ്പിലെയും കേന്ദ്രങ്ങൾ നടത്തിയ പഠനത്തിന്റെയും ലോകാരോഗ്യ സംഘനയുടെയും നിർദ്ദേശപ്രകാരമാണ് ഇത്തരമൊരു സംവിധാനം ഖത്തർ നടപ്പിലാക്കിയതെന്ന് എച്ച്എംസിയിലെ വൈറോളജി വിഭാഗം തലവനായ ഡോ. പീറ്റർ കോയ്ൽ പറഞ്ഞു.

”പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം. ആദ്യത്തെ പൊസിറ്റീവ് ടെസ്റ്റിനു ശേഷം പത്തു ദിവസം കഴിഞ്ഞാൽ രോഗലക്ഷണമില്ലാത്തവരെ ഡിസ്ചാർജ് ചെയ്യാമെന്നിരിക്കെ കുറച്ചു കൂടുതൽ ദിവസങ്ങൾ അവരെ ഖത്തർ നിരീക്ഷണത്തിൽ വക്കുന്നുണ്ട്. പതിനാലു ദിവസത്തിനു ശേഷവും വൈറസ് ബാധ ആളുകളിൽ കണ്ടെത്തിയേക്കാം. എന്നാൽ അത് നിർജ്ജീവമായ വൈറസായിരിക്കും.” അദ്ദേഹം പറഞ്ഞു.

യുഎസ്എ, യുകെ, ജർമനി എന്നിവിടങ്ങളിൽ നടത്തിയ പഠനത്തിലാണ് പത്തു ദിവസം കഴിഞ്ഞാൽ രോഗികൾ വൈറസ് പടർത്തുന്നില്ലെന്നു കണ്ടെത്തിയത്. ഇതു പ്രകാരമുള്ള പുതിയ പ്രൊട്ടോക്കോൾ വൈറസ് ബാധയേറ്റവരെ പെട്ടെന്നു സാധാരണ ജീവിതത്തിലെത്തിക്കാൻ പര്യാപ്തമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button