Qatar

പ്രവാസികൾക്ക് പ്രധാനപ്പെട്ട അറിയിപ്പുകൾ നൽകി ഖത്തർ ആഭ്യന്തര മന്ത്രാലയം

ഖത്തറിലെ നിയമങ്ങൾ പാലിക്കണമെന്നും രാജ്യത്ത് നിലവിലുള്ള ആചാരങ്ങളും പാരമ്പര്യങ്ങളും അറിഞ്ഞിരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പ്രവാസികളോട് അഭ്യർത്ഥിച്ചു. അടുത്തിടെ മന്ത്രാലയം നടത്തിയ “പ്രവാസി സമൂഹങ്ങളിലെ സാധാരണ കുറ്റകൃത്യങ്ങൾ” എന്ന വിഷയത്തിലെ ഒരു വെബിനാറിൽ, പ്രവാസികൾ ഒഴിവാക്കേണ്ട നിരവധി കുറ്റകൃത്യങ്ങൾ മന്ത്രാലയം എടുത്തുപറഞ്ഞു.

വെബിനാറിൽ കാപിറ്റൽ സെക്യൂരിറ്റി വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ഖത്തറിലെ പ്രവാസി അംഗങ്ങൾ നടത്തുന്ന വിവിധ കുറ്റകൃത്യങ്ങൾ നിയമലംഘനങ്ങൾ എന്നിവ സംബന്ധിച്ച നിയമങ്ങളെയും പിഴകളെയും കുറിച്ച് സംസാരിച്ചു. കൊവിഡ് മൂലമുള്ള സാമ്പത്തിക ആഘാതം കാരണം, ചില കമ്പനികൾ അവരുടെ തൊഴിലാളികൾക്കു ശമ്പളം നൽകുന്നതിൽ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാമെന്നും ഈ സാഹചര്യത്തിൽ ഒത്തുചേരലുകൾക്കും പണിമുടക്കിനും പകരം ശമ്പളം നൽകാത്തതുമായി ബന്ധപ്പെട്ട് പരാതി നൽകാൻ നിയമപരമായ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കണമെന്ന് മന്ത്രാലയം ഉപദേശിച്ചു.

ബുധനാഴ്ച നടന്ന വെബിനാറിൽ എച്ച്ആർ, ഫിനാൻസ്, സേഫ്റ്റി, സെക്യൂരിറ്റി മാനേജർമാർ, പൊതു, സ്വകാര്യ കമ്പനികൾ, സ്കൂളുകൾ എന്നിവയുടെ പിആർഒമാർ, പ്രവാസി സമൂഹങ്ങളുടെ തലവൻമാർ, പ്രതിനിധികൾ എന്നിവരെ പ്രതിനിധീകരിച്ച് 200 ഓളം പേർ പങ്കെടുത്തു.

വെബിനാറിനെ അഭിസംബോധന ചെയ്ത മെസൈമീർ പോലീസ് വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണൽ ഖലീഫ സൽമാൻ പറയുന്നതനുസരിച്ച് ഫോൺ, പണം, സ്വർണ്ണാഭരണങ്ങൾ എന്നിവ നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്തിയാൽ ഏഴ് ദിവസത്തിനുള്ളിൽ ഉടമകൾക്കോ ​​അടുത്തുള്ള പോലീസ് സ്റ്റേഷനിലോ കൈമാറണം.

അത്തരം വിലപിടിപ്പുള്ള സാധനങ്ങൾ കണ്ടെത്തുന്നയാൾ അത് തന്റെ കസ്റ്റഡിയിൽ സൂക്ഷിക്കുകയും ആ കാലയളവിൽ അത് കൈമാറുകയും ചെയ്തില്ലെങ്കിൽ, നിയമപ്രകാരം അയാൾക്ക് 3000 QRൽ കൂടാത്ത പിഴയോ ആറ് മാസത്തിൽ കൂടാത്ത തടവിനോ ശിക്ഷിക്കപ്പെടും.

മോഷണവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് രണ്ട് വർഷം മുതൽ ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കുമെന്നും ലെഫ്റ്റനന്റ് കേണൽ സൽമാൻ അഭിപ്രായപ്പെട്ടു. “സ്വന്തമാക്കാനുള്ള ഉദ്ദേശ്യത്തോടെ മറ്റുള്ളവരുടെ സ്വത്ത് തട്ടിയെടുക്കുന്ന ഏതൊരു വ്യക്തിയും ഒരു കള്ളനായി കണക്കാക്കപ്പെടും.” അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെയും രാജ്യത്തിന്റെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനിക്കുന്നതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരാളും യോഗ്യതയുള്ള അധികാരികളിൽ നിന്ന് ലൈസൻസ് നേടണമെന്നും അതു നിലത്ത് സാധനങ്ങൾ വിൽക്കുന്നതാണെങ്കിലും നിർബന്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പല സ്ഥലങ്ങളിലും പുകവലി അനുവദനീയമല്ല, നിയമങ്ങൾ അത് നിരോധിച്ചിരിക്കുന്നുവെന്നും മെട്രോയും ബസ്സുകളും ഉൾപ്പെടെയുള്ള പൊതുഗതാഗതവും പുകവലി നിരോധിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button