Qatar

റമദാൻ പുസ്തകമേള സൂഖ് വാഖിഫിൽ ആരംഭിച്ചു

റമദാൻ പുസ്തകമേളയുടെ ആദ്യ പതിപ്പ് ഇന്നലെ സൂഖ് വാഖിഫിൽ സാംസ്കാരിക മന്ത്രി ഷെയ്ഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ സഹമന്ത്രിയും ഖത്തർ നാഷണൽ ലൈബ്രറി പ്രസിഡന്റുമായ ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് അൽ കവാരിയും പങ്കെടുത്തു.

മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം കിയോസ്‌കുകൾ സന്ദർശിച്ച മന്ത്രി പ്രദർശകരുമായി സംവദിച്ചു. ആദ്യദിനത്തിൽ നിരവധി കുടുംബങ്ങളും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും പങ്കെടുത്തു. നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്ത് മതപരവും സാംസ്കാരികവും സാമൂഹികവുമായ അറിവുകൾ വായിക്കാനും പഠിക്കാനും വികസിപ്പിക്കാനുമുള്ള മികച്ച അവസരമാണ് പുസ്തകമേളയെന്ന് എക്സിബിഷൻ മാനേജർ ജാസിം അഹമ്മദ് അൽ ബുവൈനൈൻ പറഞ്ഞു. മേളയുടെ വേദിയായി സൂഖ് വാഖിഫിനെ തിരഞ്ഞെടുത്തത് ധാരാളം സന്ദർശകരെ ആകർഷിക്കുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു.

ഖത്തർ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് ഇവന്റുകളെ പ്രതിനിധീകരിച്ച് സാംസ്‌കാരിക മന്ത്രാലയമാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. ഏപ്രിൽ 16 വരെ എല്ലാ ദിവസവും രാത്രി 8 മുതൽ അർദ്ധരാത്രി 12 വരെ ഇത് പ്രവർത്തിക്കും. സാംസ്കാരിക പരിപാടികൾ, കലാ ശിൽപശാലകൾ, കുട്ടികളുടെ പപ്പറ്റ് ഷോ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ, കുട്ടികൾക്കുള്ള നാടക പ്രകടനങ്ങൾ, വിവിധ മത്സരങ്ങൾ എന്നിവ മേളയുടെ ഭാഗമായി അണിനിരക്കുന്ന മറ്റ് പരിപാടികളാണ്.

വിവിധ കിയോസ്‌കുകളിൽ നിരവധി ചർച്ചകളും നടക്കും. ഏപ്രിൽ 16 വരെ എല്ലാ ദിവസവും രാത്രി 9 മണി മുതൽ നാടക പ്രകടനങ്ങൾ നടക്കും. അതേസമയം, വിഷ്വൽ ആർട്ട് സെന്ററിന്റെ ആർട്ട് വർക്ക് ഷോപ്പുകൾ ഏപ്രിൽ 15 വരെ രാത്രി 9 മുതൽ അർദ്ധരാത്രി 12 വരെ ആയിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button