HealthInternationalQatar

ക്വാറന്റീൻ നടപടിക്രമങ്ങളിൽ മാറ്റങ്ങൾ വരുത്തി ഖത്തർ, ഇന്ത്യയുൾപ്പെടെ ആറു രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ബാധകമല്ല

യാത്രാ, മടക്ക നയം പിന്തുടരുകയാണെങ്കില്‍ ജിസിസി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഏത് സമയത്തും ഖത്തറിലേക്ക് പ്രവേശിക്കാനാകും. ഖത്തറിലെത്തുന്നതിന് 72 മണിക്കൂറിനുള്ളില്‍ അംഗീകൃത കേന്ദ്രത്തില്‍ നിന്നുമെടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം, ഇതിനു പുറമേ പ്രാദേശിക അംഗീകൃത സിം കാര്‍ഡുകള്‍ ഉപയോഗിച്ച് യാത്രക്കാര്‍ മൊബൈല്‍ ഫോണില്‍ ഇഹ് തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് സജീവമാക്കണം.

ഖത്തര്‍ അംഗീകരിച്ച ഏതെങ്കിലുമൊരു വാക്സിന്റെ രണ്ടു ഡോസും പൂര്‍ത്തിയാക്കിയ ജിസിസി പൗരന്മാരും താമസക്കാരും അവസാന ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിട്ടുണ്ടെങ്കിൽ ഖത്തറില്‍ ക്വാറന്റൈന്‍ ആവശ്യമില്ല. വാക്സിനേഷൻ പൂർത്തിയായി ഒൻപതു മാസം വരെ ഇതിനു സാധുതയുണ്ട്. വാക്‌സിനേഷന്‍ കാര്‍ഡോ സര്‍ട്ടിഫിക്കറ്റോ ഇതിനു വേണ്ടി ഹാജരാക്കണം.

ഫൈസര്‍ ആന്റ് ബയോന്‍ടെക്, മൊഡേണ, ആസ്ട്രാസെനക്ക, കോവിഷീല്‍ഡ്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, സിനോഫാം എന്നിവയാണ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം നിലവിൽ അംഗീകാരം നൽകിയിട്ടുള്ള വാക്സിനുകൾ.

വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ മാതാപിതാക്കളോടൊപ്പം ഖത്തറിലേക്ക് യാത്രചെയ്യുന്ന 18 വയസിൽ താഴെയുള്ള വാക്സിനേഷൻ പൂർത്തിയാക്കാത്ത കുട്ടികൾക്ക് 7 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ വേണം. ഇതിനു‘ഡിസ്‌കവര്‍ ഖത്തര്‍’ വഴി ബുക്കിംഗ് നടത്തണം. മാതാപിതാക്കളില്‍ ഒരാള്‍ കുട്ടികളോടൊപ്പം ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം. ഈ സമയത്ത് ഇഹ്തിറാസ് ആപ്ലിക്കേഷനിൽ അവരുടെ സ്റ്റാറ്റസ് മഞ്ഞയായിരിക്കും. കുട്ടിയോടൊപ്പം ക്വാറൻറീനിൽ ഇരിക്കുന്ന രക്ഷിതാവിന് ആ ചുമതല മറ്റൊരാൾക്ക് കൈമാറാന്‍ കഴിയില്ല.

ശരിയായ സര്‍ട്ടിഫിക്കേഷനും നെഗറ്റീവ് പിസിആര്‍ പരിശോധനക്കും വിധേയമായ, നേരത്തെ കോവിഡ് ബാധിച്ച് ഭേദമായ ജിസിസി പൗരന്മാരും താമസക്കാരും ഒരു ഡോസ് വാക്‌സിനേ എടുത്തിട്ടുള്ളൂവെങ്കിലും വാക്‌സിനേഷന്‍ കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടുവെങ്കിൽ ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കും. ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം രോഗബാധിതരായി രണ്ടാഴ്ച കഴിഞ്ഞവർക്കും ഇതേ ഇളവ് ബാധകമാണ്.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയോ കരമാര്‍ഗം അബു സമ്ര ബോര്‍ഡര്‍ വഴിയോ ഖത്തറിലേക്ക് പ്രവേശിക്കുന്ന ജിസിസി പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമാണ് ക്വാറന്റൈന്‍ ഇളവ് ബാധകമാവുക.

ക്വാറന്റൈന്‍ ഇളവ് ലഭിക്കുവാന്‍ ജിസിസി പൗരന്മാരും താമസക്കാരും അവരുടെ ഓരോ ഡോസിന്റെയും തീയതിയോടു കൂടിയ അംഗീകൃത വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ അണുബാധയുടെ തീയതി കാണിക്കുന്ന അംഗീകൃത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്,
ഖത്തറില്‍ പ്രവേശിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് പരിശോധന ഫലം എന്നിവ ഹാജരാക്കണം.

ജിസിസി പൗരന്മാരും താമസക്കാരും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലോ അബു സാമ്രയിലോ പിസിആര്‍ ടെസ്റ്റ് നടത്തേണ്ടതാണ്. ഇതിന്റെ ചാര്‍ജായ 300 റിയാല്‍ ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലോ അബൂ സംറ ബോര്‍ഡറിലെ ക്‌ളിനിക്കിലോ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വ്യക്തിയുടെ മൊബൈല്‍ നമ്പറിലേക്ക് അയയ്ക്കുന്ന ഓണ്‍ലൈന്‍ ലിങ്ക് വഴിയാണ് അടക്കേണ്ടത്.

ഇന്ത്യാ, പാക്കിസ്ഥാന്‍, ബംഗ്‌ളാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് വരുന്ന ജിസിസി പൗരന്മാര്‍ക്കോ താമസക്കാര്‍ക്കോ ഈ ഇളവുകള്‍ ബാധകമല്ല. ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഡിസ്‌കവര്‍ ഖത്തര്‍ ഏര്‍പ്പെടുത്തിയ ഹോട്ടലുകളില്‍ 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button