InternationalQatar

ഇസ്രായേലിന്റെ ആക്രമണം എല്ലാ അതിർവരമ്പുകളും ലംഘിച്ചു, പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് അമീർ

ഗാസയിൽ  ഇസ്രായേൽ അധിനിവേശം എല്ലാ അതിർത്തികളും ലംഘിച്ചു നരനായാട്ടായി​ തുടരുന്നതിനിടെ അന്താരാഷ്​​ട്ര സമൂഹത്തിന്റെ നിസ്സംഗതയിൽ തുറന്നടിച്ച്​ ഖത്തർ അമീർ ഷെയ്ഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി. ഫലസ്​തീനെതിരായ ഇസ്രായേലിന്റെ ആക്രമണം എല്ലാ അതിർവരമ്പുകളും ലംഘിച്ചതായും, അന്താരാഷ്​​ട്ര സമൂഹം ഇനിയും ഇസ്രയേലിനു പച്ചക്കൊടി കാണിക്കരുതെന്നും ഷൂറാ കൗൺസിൽ വാർഷിക യോഗം ഉദ്​ഘാടനം ചെയ്​തുകൊണ്ട്​ അമീർ പറഞ്ഞു.

ഒക്​ടോബർ ഏഴിന്​ ആരംഭിച്ച യുദ്ധം ആഴ്ചകൾ പിന്നിട്ടിട്ടും ഗുരുതരമായ സാഹചര്യത്തിൽ ഏകപക്ഷീയമായി തുടരുന്നതിനിടയിലാണ്​ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട്​ അമീർ സംസാരിച്ചത്​.

‘എല്ലാം അവസാനിപ്പിക്കാനുള്ള സമയമടുത്തു. നിരപരാധികളായ സാധാരണക്കാർക്കെതിരെ ഇസ്രായേൽ തുടരുന്ന നരഹത്യക്ക്​ അന്താരാഷ്​​ട്ര സമൂഹം നിരുപാധിക പച്ചക്കൊടി നൽകുന്ന നയം​ ഇനിയും അംഗീകരിക്കാനാവില്ല.

ഇസ്രായേലിന്റെ പ്രവർത്തികൾ ലോകം കണ്ടില്ലെന്നു നടിക്കരുത്. ഹമാസിനെതിരായ സൈനിക നടപടി എന്ന പേരിൽ ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമായ ഗാസയിൽ ഇസ്രായേൽ സ്​ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരപരാധികൾക്കെതിരെ നടത്തുന്ന ക്രൂരമായ ബോംബിങ്ങിൽ നിശ്ശബ്ദത പാലിക്കാനാവില്ല” – അമീർ വ്യക്​തമാക്കി.

‘സങ്കൽപിക്കാൻ പോലും കഴിയാത്ത ദുരന്തമാണ് ഫലസ്തീൻ ജനത അനുഭവിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങൾ മാത്രമല്ല, മാനുഷികവും മതപരവുമായ എല്ലാ നന്മകളും അതിർവരമ്പുകളും ഇസ്രായേൽ ലംഘിച്ചിരിക്കുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരപരാധികൾ കൊല്ലപ്പെടുമ്പോൾ അന്താരാഷ്ട്ര സമൂഹം മൗനം പാലിക്കുകയാണ്’ – അമീർ പറഞ്ഞു.

‘ആധുനിക കാലത്തും മരുന്നും വെള്ളവും ഭക്ഷണവും പോലും സാധാരണക്കാർക്ക് നേരെയുള്ള ആ​ക്രമണത്തിന് ആയുധമാക്കുകയാണ്. മേഖലയുടെ സുരക്ഷയും ആശങ്കയിലാണ്. യുദ്ധം ഇസ്രായേൽ ജനതക്കും ഫലസ്തീനും സമാധാനം നൽകില്ല. ഇരകളുടെ ദുരിതവും നീതിനിഷേധത്തിന്റെ വ്യാപ്തിയും വർധിപ്പിക്കുക മാത്രമേയുള്ളൂ.

സാധാരണക്കാർക്കെതിരെ, ആര് നടത്തുന്ന ​ആക്രമണങ്ങളെയും ഞങ്ങൾ അപലപിക്കുന്നു. ഫലസ്തീൻ കുഞ്ഞുങ്ങളുടെ ജീവന് വിലകൽപിക്കാത്ത ഇരട്ടത്താപ്പ് നിലപാട് അംഗീകരിക്കാൻ കഴിയില്ല’ – അമീർ പറഞ്ഞു. 1967ലെ അതിർത്തി പ്രകാരം ഫലസ്തീൻ രാജ്യം സ്ഥാപിക്കുകയാണ് പ്രശ്നത്തിനുള്ള പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെ സമാധാന ദൗത്യവുമായി ഖത്തർ രംഗത്തുണ്ട്. വിവിധ ലോകനേതാക്കളുമായി അമീറും ഖത്തർ പ്രധാനമന്ത്രിയും ഇതിനകം തന്നെ നിരവധി തവണ ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു. അമേരിക്കൻ പൗരന്മാരായ രണ്ടു ബന്ദികളെ ഖത്തറിന്റെ ഇടപെടലിലൂടെ മോചിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button