Qatar

അമീറിനു നന്ദി, ഉപരോധം കൊണ്ടു തകർക്കാൻ ശ്രമിച്ചവർക്കു മുന്നിൽ കൂടുതൽ കരുത്തോടെ നിവർന്നു നിന്ന് ഖത്തർ

സൗദി വിദേശകാര്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയോടെ ഖത്തർ ഉപരോധം പൂർണമായും അവസാനിച്ചിരിക്കയാണ്. നാല് ഉപരോധ രാഷ്ട്രങ്ങളും കര, കടൽ, വ്യോമ അതിർത്തികൾ തുറന്നു കൊടുക്കുമെന്നും നയതന്ത്രബന്ധം പുനസ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചതോടെ മൂന്നര വർഷത്തെ പ്രശ്നങ്ങൾക്കാണ് പരിഹാരമുണ്ടായത്. ഉപരോധം കൊണ്ട് തകർക്കാൻ ശ്രമിച്ചവർക്കു മുന്നിൽ ഖത്തറിനെ കൂടുതൽ കരുത്തോടെ ഉയർത്തിയെടുക്കാൻ അമീറിന്റെ നേതൃപാടവത്തിനു കഴിഞ്ഞുവെന്നതും ഇക്കാലയളവിൽ വ്യക്തമായതാണ്.

2017 ജൂൺ 5നാണ് ഖത്തറിനെ നയതന്ത്ര പ്രതിസന്ധിയിൽ ആക്കിക്കൊണ്ട് സൗദി അറേബ്യയും ബഹ്റൈനും ഈജിപ്തും  യുഎഇ യും ഉപരോധം പ്രഖ്യാപിക്കുന്നത്. ഖത്തർ തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ച്  നയതന്ത്ര,വാണിജ്യ, യാത്രാ ഉപരോധമാണ് ഈ അയൽരാജ്യങ്ങൾ ഖത്തറിനെതിരെ ചുമത്തിയത്. ഖത്തർ കപ്പലുകൾ തങ്ങളുടെ കടൽ അതിർത്തിക്കുള്ളിൽ പ്രവേശിക്കുന്നതും വിമാനങ്ങൾ തങ്ങളുടെ വ്യോമപാതയിലൂടെ കടന്നുപോകുന്നതും ഇതുവഴി അവർ തടഞ്ഞു. സൗദി അറേബ്യയുമായുണ്ടായിരുന്ന ഏക ഖരമാർഗ്ഗവും തടഞ്ഞതോടെ മേഖലയിൽ ഖത്തർ ഒറ്റപ്പെടുന്ന തരത്തിലായിരുന്നു ഉപരോധം.

ഉപരോധരാജ്യങ്ങളുടെ കൂടെ ജോർദാൻ കൂടി ചേരുകയും മാൽദീവ്സ് മൗറീഷ്യാനിയ, യമൻ, സെനഗൽ, ജിബൗട്ടി, ലിബിയയുടെ തബ്റൂക്ക് ഗവൺമെന്റ് എന്നിവർ പിന്തുണയ്ക്കുകയും കൂടെ ചെയ്തതോടെ അറേബ്യൻ ഗൾഫിൽ അക്ഷരാർത്ഥത്തിൽ ഖത്തർ ഒറ്റപ്പെടുകയായിരുന്നു.

ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലിൽ (ജിസിസി) അംഗമായിട്ടുള്ള ഖത്തർ, മറ്റു അംഗരാജ്യങ്ങളുമായി 2014ൽ ഉണ്ടാക്കിയിട്ടുള്ള ഉടമ്പടി തെറ്റിച്ചുവെന്നും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നു എന്നുമാണ് സൗദി നേതൃത്വം നൽകുന്ന ഉപരോധ രാജ്യങ്ങളുടെ പ്രധാന ആരോപണം. എന്നാൽ ഒരിക്കലും അൽ-ഖായ്ദ, ഐഎസ്ഐൽ തുടങ്ങിയ ഭീകരവാദ സംഘടനകൾക്ക് ഒരു തരത്തിലുള്ള സഹായവും നൽകിയിട്ടില്ലെന്നും ഖത്തർ ആവർത്തിച്ചു. മറിച്ച് അമേരിക്കയുടെ കൂടെ തീവ്രവാദത്തിനെതിരെ യുദ്ധം ചെയ്തിട്ടുള്ളതും ഖത്തർ ഓർമിപ്പിച്ചു.

ഖത്തറും ഖത്തർ ചാനലായ അൽ-ജസീറയും ഇറാനെ സഹായിക്കുന്നുവെന്നാണ് ഉപരോധ രാജ്യങ്ങൾ ഉയർത്തിയ മറ്റൊരു പ്രശ്നം. തുർക്കിയുമായി ഖത്തർ വളർത്തിയെടുത്തിട്ടുള്ള സൗഹാർദ്ദത്തേയും അവർ സംശയദൃഷ്ടിയോടെയാണ് നോക്കിക്കാണുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് അറേബ്യൻ രാജ്യങ്ങൾ സന്ദർശിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളിലാണ് ഖത്തറിനെതിരെയുള്ള വാർത്തകൾ ഈ രാജ്യങ്ങളുടെ വാർത്താ ചാനലുകളിൽ വരുന്നത്. തുടർന്ന് ആദ്യം ബഹ്റൈനും പിന്നീട് മറ്റു രാജ്യങ്ങളുമായി ഓരോരുത്തരായി ഉപരോധം പ്രഖ്യാപിക്കുകയായിരുന്നു.

അ​ൽ​ ജ​സീ​റ ചാ​ന​ൽ അ​ട​ച്ചു​പൂ​ട്ടു​ക, ഇ​റാ​നു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നിപ്പിക്കുക, ഖത്തറിലെ തുർക്കി സൈനിക താവളം അടക്കുക തുടങ്ങി ഖത്തറിന്റെ പരമാധികാരത്തേയും അഖണ്ഡതയേയും ചോദ്യം ചെയ്യുന്ന 13 ആവശ്യങ്ങൾ അനുവദിക്കുക എന്നിവയായിരുന്നു ഉപരോധം അവസാനിപ്പിക്കുന്നതിന് ഈ രാജ്യങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ ഉപാധികളില്ലാത്ത ചർച്ചകളിലൂടെ പ്രശ്നപരിഹാരങ്ങൾ ആവാമെന്നായിരുന്നു ഖത്തർ തുടക്കം മുതലേ മുന്നോട്ട് വെച്ചിരുന്നത്. രാജ്യത്തിന്റെ പരമാധികാരം അംഗീകരിക്കുന്നതും ഗൾഫ് മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതുമായ ഏതൊരു ചർച്ചയോടും തുറന്ന സമീപനമാണ് ഖത്തറിനുള്ളതെന്ന് ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽതാനി വ്യക്തമാക്കി.

കര-നാവിക-വ്യോമപാതകൾ അടച്ചുള്ള ഉപരോധം മൂന്ന് വർഷം കടക്കുമ്പോഴും ഖത്തർ ഈ പ്രതിസന്ധിയെ  സ്ഥിരതയോടെയാണ് സമീപിച്ചത്. നയതന്ത്രപരമായും സാമ്പത്തികപരമായുമുള്ള ഉയർച്ചയിലൂടെ  രാജ്യം അതിനെ മറികടക്കുകയായിരുന്നു. കൂടാതെ, ഉപരോധത്തെ മറികടക്കുവാൻ വേണ്ടി പ്രാദേശിക ഉത്പാദനം കൂട്ടിയത് പിന്നീടുണ്ടായ എണ്ണവില ഇടിവിനേയും കോവിഡ് പാൻഡമികിനേയും നേരിടാൻ ഖത്തറിനെ കൂടുതൽ പ്രാപ്തമാക്കുകയും ചെയ്തു.

ജിസിസിയിലെ സഹോദരരാജ്യങ്ങളുടെ പിന്തുണ നഷ്ടമായതോടെ തുർക്കി, ഇറാൻ, ഒമാൻ, മൊറോക്കോ, ഇന്ത്യ എന്നീ രാജ്യങ്ങളുമായി വിജയകരമായ വാണിജ്യ, നയതന്ത്രബന്ധം വിപുലപ്പെടുത്താൻ ഖത്തറിന് കഴിഞ്ഞു. അതു വരേയ്ക്കും 90 ശതമാനത്തോളം ഭക്ഷണസാധനങ്ങളും ഇറക്കുമതി ചെയ്തിരുന്ന രാജ്യം തങ്ങളുടെ ആഭ്യന്തര ഉത്പാദനം കൂട്ടുകയും പകരം വാണിജ്യബന്ധങ്ങളും പകരം വിമാനമാർഗ്ഗങ്ങളും നടപ്പിൽ വരുത്തുകയും ചെയ്തു. ഉർവ്വശീശാപം ഉപകാരമെന്നപോലെ ഉപരോധം കോവിഡ് പാൻഡമികിനെ തുടർന്നുണ്ടായ അപ്രതീക്ഷിത സാമ്പത്തിക  നഷ്ടത്തെ നേരിടാൻ രാജ്യത്തെ ഏറ്റവും മികച്ച രീതിയിൽ പ്രാപ്തമാക്കുകയായിരുന്നു.

ഉപരോധം അടിച്ചേൽപ്പിച്ച നിയന്ത്രണങ്ങളെ ഫലവത്തായി നേരിടാനായി എന്നതാണ് ഖത്തറിനെ സംബന്ധിച്ചുണ്ടായ ഏറ്റവും മഹത്തായ കാര്യം. സൗദിയിൽ നിന്ന് ദിനംപ്രതി 400 ടണ്ണോളം പാലും യോഗർട്ടുമടക്കമുള്ള പാലുല്പന്നങ്ങൾ ഇറക്കുമതി ചെയ്തിരുന്ന ഖത്തർ ഇതിനെ പ്രതിരോധിക്കാൻ യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും ആയിരക്കണക്കിന് പശുക്കളെ ഇറക്കുമതി ചെയ്യുകയും ബലാദ്നയിൽ പ്രാദേശിക പാൽ, ഇറച്ചി ഫാം തുടങ്ങുകയും ചെയ്തു. ഇത് ഖത്തറിനെ പാലുല്പന്നങ്ങളിൽ സ്വയംപര്യാപ്തമാക്കുക മാത്രമല്ല, കയറ്റുമതി നടത്താവുന്ന തരത്തിലേക്ക്  വളർത്തുകയും ചെയ്തു.

നിരവധി പ്രാദേശിക കമ്പനികൾ പ്രാദേശിക ഫാമുകളുടെ സഹായത്തോടെ രാജ്യത്തിന് ആവശ്യമുള്ള പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കാൻ തുടങ്ങിയതും കോവിഡ് കാലത്തെ അധിക സൗകര്യമായി മാറുകയായിരുന്നു. മറ്റു രാജ്യങ്ങൾ പാൻഡമികിനെ തുടർന്നുണ്ടായ ഭക്ഷണ ദൗർബല്യത്തിൽ വലയുമ്പോൾ, ഉപരോധത്തെ മറികടക്കുവാൻ വേണ്ടി വലിയ വെയർ ഹൗസുകളിൽ അരി, എണ്ണ, പഞ്ചസാര തുടങ്ങിയ അവശ്യസാധനങ്ങൾ ശേഖരിച്ച് വെച്ചത് കൊണ്ട് ഖത്തറിനത് അനായാസം നേരിടാൻ സാധിച്ചു.

ഉപരോധത്തെ തുടർന്നുള്ള ആറുമാസങ്ങൾക്കുള്ളിൽ തന്നെ ബദൽ യാത്രാമാർഗ്ഗങ്ങളും തുറമുഖങ്ങളും ഉണ്ടാക്കിയ ഖത്തറിന്റെ ഏറ്റവും വലിയ ശക്തി ദേശീയതയെയും രാജ്യത്തിന്റെ അഖണ്ഡതയേയും ഹൃദയത്തോട് ചേർത്ത് നിർത്തിയ ജനങ്ങളാണ്. മൂന്ന് വർഷം പിന്നിടുന്ന ഉപരോധത്തിനൊടുവിൽ ജിസിസി പ്രശ്നപരിഹാരത്തിന് കുവൈത്തും അമേരിക്കയുമടക്കമുള്ള രാജ്യങ്ങൾ മുന്നിട്ടിറങ്ങുമ്പോഴും ഉപരോധരാജ്യങ്ങൾ തങ്ങളുടെ നിബന്ധനകൾ അയയ്ക്കുമ്പോഴും ഒരു രാജ്യമെന്ന നിലയിൽ ഖത്തർ ഈ മൂന്ന് വർഷം കൊണ്ട് ഉണ്ടാക്കിയത് മഹത്തായ ഒരു വികസന കാഴ്ചപ്പാടാണ്. പ്രതിസന്ധിഘട്ടത്തെ എങ്ങിനെ മറികടക്കണമെന്നതിൽ മറ്റ് രാജ്യങ്ങൾക്ക് ഖത്തർ ഒരു മാതൃകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button