Qatar

വിസ നിയമങ്ങൾ ലംഘിച്ചു കഴിയുന്നവർക്ക് അതു ശരിയാക്കാനുള്ള പൊതുമാപ്പ് നീട്ടി

ഖത്തറില്‍ വിസ ചട്ടങ്ങള്‍ ലംഘിച്ച് കഴിയുന്നവര്‍ക്ക് വിസ സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിനുള്ള പൊതുമാപ്പ് ഏപ്രില്‍ 30 വരെ നീട്ടി. വിസ സംബന്ധമായ നിയമ ലംഘനങ്ങള്‍ 50 ശതമാനം ഇളവോടെ തീര്‍പ്പാക്കുവാന്‍ കമ്പനി ഉടമസ്ഥരേയും വിദേശി തൊഴിലാളികളേയും സഹായിക്കുന്നതിനാണ് പൊതുമാപ്പ് ഏപ്രില്‍ 30 വരെ നീട്ടിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

2021 ഒക്ടോബര്‍ 10നാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 31 വരെയായിരുന്നു പൊതുമാപ്പ് കാലാവധി. എന്നാല്‍ പൊതുജന താല്‍പര്യം കണക്കിലെടുത്ത് മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു. ഇതാണ് വീണ്ടും ദീർഘിപ്പിച്ചത്. രാജ്യത്തെ മുഴുവന്‍ താമസക്കാരേയും വിസ രേഖകള്‍ ശരിപ്പെടുത്താന്‍ സഹായിക്കുകയാണ് പൊതുമാപ്പ് ലക്ഷ്യം വെക്കുന്നത്. രാജ്യത്ത് വിസ ചട്ടങ്ങള്‍ ലംഘിച്ച് കഴിയുന്ന തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും  സര്‍ച്ച് ആന്റ് ഫോളോ അപ് ഡിപ്പാര്‍ട്‌മെന്റില്‍ അപേക്ഷ സമര്‍പ്പിക്കാം.

നിലവിലെ തൊഴിലുടമയില്‍ നിന്നും മറ്റൊരു തൊഴിലുടമയിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റേണ്ട തൊഴിലാളികള്‍ക്ക് ഉംസലാല്‍, അല്‍ റയ്യാന്‍, മിസൈമീര്‍, അല്‍ വകറ, ഉമ്മ് സെനയിം എന്നീ സര്‍വീസ് സെന്ററുകളിൽ സെറ്റില്‍മെന്റ് അപേക്ഷകള്‍ സമര്‍പ്പിക്കാം. എന്നാല്‍ നിയമലംഘനങ്ങള്‍ പരിഹരിച്ച് നിലവിലെ സ്‌പോണ്‍സറുടെ കീഴില്‍ തന്നെ വിസ പുതുക്കേണ്ടവര്‍ അല്‍ ശമാല്‍, അല്‍ ഖോര്‍, അല്‍ ദയാന്‍, ഉം സലാല്‍, ദ പേള്‍, ഉനൈസ, സൂഖ് വാഖിഫ്, അല്‍ റയ്യാന്‍, ഉമ്മ് സെനയിം, അല്‍ ശഹാനിയ്യ, മിസൈമീര്‍, അല്‍വകറ, ദുഖാന്‍ എന്നീ സര്‍വീസ് സെന്ററുകളിലാണ് സെറ്റില്‍മെന്റ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഉച്ചക്ക് 1 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് അപേക്ഷ സ്വീകരിക്കുന്ന സമയം.

താമസ ചട്ടങ്ങള്‍ ലംഘിച്ച വിദേശി തൊഴിലാളികള്‍, തൊഴില്‍ വിസ ചട്ടങ്ങള്‍ ലംഘിച്ച തൊഴിലാളികള്‍, വിസ നിയമം ലംഘിച്ച ഗാര്‍ഗിക തൊഴിലാളികള്‍, ഫാമില വിസ ചട്ടങ്ങള്‍ ലംഘിച്ച് കഴിയുന്ന വിദേശി തൊഴിലാളികള്‍ എന്നിവർക്ക് പൊതുമാപ്പ് പ്രയോജനപ്പെടും. പൊതുമാപ്പ് പ്രയോജനപ്പെടുത്തി തങ്ങളുടെ വിസ ചട്ടങ്ങള്‍ ശരിപ്പെടുത്തുവാന്‍ വിദേശി തൊഴിലാളികളോടും തൊഴിലുടമകളോടും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button