HealthQatar

ഖത്തറിൽ കോവിഡ് രോഗികളുടെ കുതിച്ചു കയറ്റം മാറ്റമില്ലാതെ തുടരുന്നു, ഇന്നു രോഗം സ്ഥിരീകരിച്ചത് 1103 പേർക്ക്

ഖത്തറിൽ ഇന്ന് പുതിയതായി 1103 പേർക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 23623 ആയി. അതേ സമയം ഇന്ന് 87 പേർക്കു മാത്രമാണ് അസുഖം ഭേദമായത്. ഇന്നലെയത് 254 ആയിരുന്നു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 2840 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3275 പേർക്ക് ടെസ്റ്റുകൾ നടത്തിയാണ് 1103 പേർക്ക് രോഗബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. ഇന്നലെ 3215 പേർക്കു പരിശോധന നടത്തിയപ്പോൾ 1189 പേർക്കായിരുന്നു രോഗം കണ്ടെത്തിയത്. ഇതു വരെ 131044 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയിരിക്കുന്നത്. ഇന്നത്തോടെ 2840 പേർക്ക് രോഗം ഭേദമായപ്പോൾ 20769 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്.

രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ ലക്ഷണങ്ങൾ കാണിക്കാത്തവർക്കും വൈറസ് ബാധ ഏറ്റിട്ടുണ്ടോയെന്നു കണ്ടെത്താൻ ഒരു സാമൂഹ്യ സർവേ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. സാമൂഹ്യ വ്യാപനം ഉണ്ടോയെന്നു കണ്ടെത്താൻ കൂടിയാണ് ഇതു നടത്തുന്നത്. കഴിഞ്ഞയാഴ്ച 2500 ടെസ്റ്റുകൾ ഈ തരത്തിൽ നടത്തിയിരുന്നു. ടെസ്റ്റിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചവർ അതിനോടു സഹകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

അതേ സമയം രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ടെന്നാണ് മന്ത്രാലയം വീണ്ടും വെളിപ്പെടുത്തുന്നത്. പ്രതിരോധ നടപടികൾ വർദ്ധിപ്പിച്ചതിന്റെ ഭാഗമായാണ് കൂടുതൽ പേർക്ക് രോഗം കണ്ടെത്തുന്നതെന്നും ആളുകൾ സുരക്ഷാ നടപടികൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം ഒരിക്കൽ കൂടി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button