EntertainmentQatar

ഖത്തറിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമെന്ന നേട്ടത്തിലേക്കു കുതിച്ച് അൽ ഖോർ

മനോഹരമായ ഫാമിലി പാർക്കുകൾ, കയാക്കിംഗ് അവസരങ്ങൾ, വാട്ടർ സ്പോർട്സ്, പുതിയ റോഡ് ശൃംഖലകൾ എന്നിവയുള്ള അൽ ഖോർ ഖത്തറിലുള്ളവർക്ക് ഏറ്റവും അനുയോജ്യമായ വിനോദസഞ്ചാര കേന്ദ്രമായി മാറുന്നു. ഖത്തറിന്റെ വടക്കുകിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന അൽ ഖോർ താമസിയാതെ പരമ്പരാഗത രീതിയിലുള്ള സൂക്കും ആരംഭിക്കും.

കടൽത്തീരത്തോട് ചേർന്നു ആരംഭിക്കാനിരിക്കുന്ന പുതിയ സൂക്കിൽ നിരവധി ഷോപ്പുകളും പൊതുസമ്മേളനത്തിനായി ഒരു പ്രത്യേക സ്ഥലവും ഉൾക്കൊള്ളുന്നു. കൂടാതെ, നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ഫിഫ 2022 ലോകകപ്പിനുള്ള അൽ ബെയ്റ്റ് സ്റ്റേഡിയം പൂർത്തിയായാൽ അത് അൽ ഖോറിനെ ഖത്തറിലെ ഏറ്റവും മികച്ച കടൽത്തീര നഗരങ്ങളിലൊന്നായി മാറ്റും.

“നേരത്തെ മത്സ്യബന്ധന തുറമുഖത്തിന് പേരുകേട്ട അൽ ഖോർ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നിരവധി പരിവർത്തനത്തിന് വിധേയമായിട്ടുണ്ട്. ഇത് ധാരാളം സന്ദർശകരെ ആകർഷിക്കുന്നു. റെയിൽ ശൃംഖല വഴി ദോഹയുമായി ബന്ധിപ്പിച്ചുകഴിഞ്ഞാൽ, ഖത്തറിലെ ഏറ്റവും പഴയ വാസസ്ഥലങ്ങളിലൊന്നായ നഗരം ദോഹയിൽ ജോലിചെയ്യുന്ന ആളുകൾക്ക് ആകർഷകമായ പ്രദേശമായിരിക്കും. ” ഒരു അൽ ഖോർ നിവാസി ഖത്തർ ട്രിബ്യൂണിനോട് പറഞ്ഞു.

“ഫാമിലി പാർക്കുകൾ, മ്യൂസിയം എന്നിവയുടെ വികസനവും ഉടൻ പൂർത്തിയാകാനിരിക്കുന്ന സമുദ്ര ഗതാഗത ശൃംഖലയും അൽ ഖോറിനെ ഒരു വിനോദ കേന്ദ്രവും കരകൗശല വസ്തുക്കളുടെയും സമുദ്ര ഉൽ‌പന്നങ്ങളുടെയും ഷോപ്പിംഗ് കേന്ദ്രവുമാക്കി മാറ്റും” അദ്ദേഹം കൂട്ടിച്ചേർത്തു.

ദോഹ മെട്രോയുടെ റെഡ് ലൈൻ (കോസ്റ്റ് ലൈൻ) അൽ ഖോർ വരെ വ്യാപിക്കുമെന്നത് ശ്രദ്ധേയമാണ്. “ദോഹയ്ക്കും റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിക്കും ഇടയിലുള്ള സമാധാനപരമായ വാസസ്ഥലമായി അൽ ഖോർ ഇതിനകം മാറിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മാത്രം 10,000 ത്തിലധികം പുതിയ റെസിഡൻഷ്യൽ യൂണിറ്റുകൾ അൽ ഖോറിൽ നിർമിച്ചു. കൂടാതെ, നിരവധി ഭവന നിർമ്മാണ യൂണിറ്റുകൾ നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്.” ഒരു റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

ബ്ലൂ കോളർ തൊഴിലാളികൾക്കും അൽ ഖോർ ധാരാളം കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അൽ ഖോർ വർക്കേഴ്സ് സ്പോർട്സ് കോംപ്ലക്സിൽ ക്രിക്കറ്റ്, ഫുട്ബോൾ, ബാസ്കറ്റ് ബോൾ കോർട്ടുകൾ, മൂന്ന് വോളിബോൾ കോർട്ടുകൾ എന്നിവയ്ക്കായി പ്രത്യേക ഫീൽഡുകൾ ഉൾപ്പെടുന്നു. കൂടാതെ 35 ഷോപ്പുകളും രണ്ട് സിനിമാ ഹാളുകളുമുണ്ട്.ധാരാളം കമ്പനികൾ അവരുടെ തൊഴിലാളികളുടെ താമസസ്ഥലം ഈ പ്രദേശത്തേക്ക് മാറ്റിയിട്ടുണ്ട്.

“ഞങ്ങളുടെ മിക്ക തൊഴിലാളികളും റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ വിവിധ പ്രോജക്ടുകളിൽ ഏർപ്പെട്ടിരിക്കുന്നു. ഇപ്പോൾ, പ്രവാസികളായ തൊഴിലാളികളുടെ വിനോദത്തിനുള്ള എല്ലാ സൗകര്യങ്ങളും അൽ ഖോറിനുണ്ട്. പുതിയ റോഡുകളിലൂടെ നഗരത്തിലേക്ക് കൂടുതൽ എളുപ്പത്തിൽ പ്രവേശിക്കാനാകും.” ഒരു എഞ്ചിനീയറിംഗ് കമ്പനിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button