അന്തർദേശീയം

മക്കയിൽ ഉംറ തീർത്ഥാടനം ഭാഗികമായി പുനരാരംഭിച്ചു

ഏഴ് മാസത്തെ കൊറോണ വൈറസ് ഇടവേളയ്ക്ക് ശേഷം വിപുലമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെ സൗദി അധികൃതർ വർഷം മുഴുവനുമുള്ള ഉംറ തീർത്ഥാടനം ഭാഗികമായി പുനരാരംഭിച്ചു. ഇതേത്തുടർന്ന് നിരവധി തീർഥാടകർ ഞായറാഴ്ച സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും പുണ്യസ്ഥലം സന്ദർശിച്ചു.

പുണ്യ നഗരമായ മക്കയിലെ ഗ്രാൻഡ് മോസ്കിൽ ആയിരക്കണക്കിന് വിശ്വാസികൾ ബാച്ചുകളായാണ് പ്രവേശിച്ചത്. എല്ലാ സമയത്തും ചെയ്യാവുന്ന ഉംറ തീർത്ഥാടനത്തിന് ഓരോ വർഷവും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികൾ എത്താറുണ്ടെങ്കിലും കൊറോണ വൈറസ് മൂലം മാർച്ചു മുതൽ ഇത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു.

മൂന്ന് ഘട്ടങ്ങളായാണ് തീർത്ഥാടനം പുനരാരംഭിക്കുന്നത്. ആദ്യ ഘട്ടത്തിൽ പ്രതിദിനം 6,000 തീർഥാടകരെയാണ് ഉമ്രാ നിർവഹിക്കാൻ അനുവദിക്കുകയെന്ന് സൗദി ഹജ്ജ് മന്ത്രി മുഹമ്മദ് ബെന്റൻ പറഞ്ഞു. ഗ്രാൻഡ് മോസ്ക് ഓരോ ആരാധക സംഘമെത്തുന്നതിനു മുമ്പും ശേഷവും അണുവിമുക്തമാക്കണം. 20 അല്ലെങ്കിൽ 25 പേരുള്ള തീർഥാടകരുടെ ഓരോ ഗ്രൂപ്പിലും ആരോഗ്യ പ്രവർത്തകരുണ്ടെന്നും അടിയന്തിര സാഹചര്യങ്ങളിൽ മെഡിക്കൽ ടീമുകൾ ലഭ്യമാകുമെന്നും ബെന്റൻ പറഞ്ഞു.

തീർഥാടകരുടെ ശരീര താപനില അളക്കുന്നതിനായി താപ സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒക്ടോബർ 18 മുതൽ രണ്ടാം ഘട്ടത്തിൽ, ഉംറ തീർഥാടകരുടെ എണ്ണം പ്രതിദിനം 15,000 ആയി ഉയർത്തും. നവംബർ 1 മുതലുള്ള മൂന്നാം ഘട്ടത്തിൽ വിദേശത്ത് നിന്നുള്ള സന്ദർശകരെയും അനുവദിക്കുകയും ശേഷി 20,000 ആയി ഉയർത്തുകയും ചെയ്യും.

മറ്റ് ആരാധകരടക്കം പരമാവധി 40,000 പേർക്ക് രണ്ടാം ഘട്ടത്തിൽ പള്ളിയിൽ പ്രാർത്ഥന നടത്താനും മൂന്നാം ഘട്ടത്തിൽ 60,000 പേർക്കും പ്രാർത്ഥന നടത്താൻ അനുവാദമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പകർച്ചവ്യാധി ഭീഷണി അവസാനിച്ചുകഴിഞ്ഞാൽ ഉംറയെ പൂർണ്ണ ശേഷിയിലേക്ക് മടങ്ങാൻ അനുവദിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കൊവിഡ് അപകടസാധ്യതകളെ അടിസ്ഥാനമാക്കി ഏതൊക്കെ രാജ്യങ്ങളിൽ നിന്നും തീർഥാടകർക്ക് പ്രവേശിക്കാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം പരിശോധിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker