കായികംഖത്തർ

ലോകഫുട്ബോളിലെ സൂപ്പർതാരങ്ങൾ ഖത്തറിൽ കളിക്കും, എഎഫ്സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ ഖത്തറിലേക്കു മാറ്റി

കൊറോണ വൈറസ് മൂലമുണ്ടായ നീണ്ട ഇടവേളക്കു ശേഷം എഎഫ്സി ചാമ്പ്യൻസ് ലീഗിന്റെ വെസ്റ്റ് സോൺ മത്സരങ്ങൾ വിജയകരമായി നടപ്പിലാക്കിയതിനു ശേഷം ഈസ്റ്റ് സോൺ മത്സരങ്ങൾക്കും ഖത്തർ ആതിഥേയത്വം വഹിക്കുമെന്ന് അധികൃതർ അറിയിച്ചു.

ജപ്പാൻ, ചൈന, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഈസ്റ്റ് സോൺ ടീമുകൾ നവംബർ 18 മുതൽ ഡിസംബർ 13 വരെ ദോഹയിൽ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കുമെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനാണ് (എഎഫ്‌സി) അറിയിച്ചത്. അതേ സമയം ഡിസംബർ 19 ന് നടക്കുന്ന ഫൈനലിനുള്ള വേദി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

വൈറസ് കാരണമാണ് എഎഫ്സിക്ക് കലണ്ടർ ആവർത്തിച്ച് മാറ്റേണ്ടി വന്നത്. ഈസ്റ്റ്-സോൺ ഗ്രൂപ്പുകളായ ജി, എച്ച് എന്നിവയുടെ മത്സരങ്ങൾ മലേഷ്യയിൽ കളിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും വൈറസ് കേസുകളുടെ വർദ്ധനവിനെ തുടർന്നാണ് ഇതു മാറ്റുന്നത്. ഏഷ്യയിലെ പ്രീമിയർ ക്ലബ് ടൂർണമെന്റ് കഴിഞ്ഞ മാസം ഖത്തറിലെ ബയോ സെക്യൂരിറ്റി ബബിളിൽ പുനരാരംഭിച്ചിരുന്നു.

ഖത്തറിലെ വെസ്റ്റ് സോൺ മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനെ എ.എഫ്.സി ജനറൽ സെക്രട്ടറി വിൻഡ്‌സർ ജോൺ പ്രശംസിച്ചു. വാരാന്ത്യത്തിൽ പെർസെപോളിസ് അൽ നാസറിനെ തോൽപ്പിച്ച് ഫൈനലിലെത്തി. എന്നിരുന്നാലും കളിക്കാരും സ്റ്റാഫുമടക്കം മുപ്പതോളം പേർക്ക് വൈറസ് ബാധിച്ചതിനെത്തുടർന്ന് ടൈറ്റിൽ ഹോൾഡർമാരായ അൽ ഹിലാലിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയതടക്കം ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

ഖത്തറിൽ വച്ചു നടക്കുന്ന മത്സരങ്ങൾക്ക് ലോക ഫുട്ബോളിലെ വമ്പൻ താരങ്ങൾ അണിനിരക്കുന്ന ഏഷ്യയിലെ മികച്ച ക്ലബുകളാണ് പങ്കെടുക്കുന്നത്. ബ്രസീലിയൻ താരങ്ങളായ ഓസ്കാർ, ഹൾക്ക് കളിക്കുന്ന ഷാങ്ങ്ഹായ് എസ്പിസിജിക്കു പുറമേ ബ്രസീലിയൻ താരം പൗലീന്യോയുടെ ഹുവാൻഷു എവർഗ്രാനഡ, ഇറ്റാലിയൻ താരം എൽ ഷറവായുടെ ഷാങ്ങ്ഹായ് സെൻഹുവ എന്നീ ക്ലബുകളും മത്സരത്തിൽ പങ്കെടുക്കും. ഇതിനു പുറമേ ഇനിയേസ്റ്റ, പൊഡോൾസ്കി എന്നിവർ കളിക്കുന്ന വിസൽ കോബെയും ഖത്തറിൽ കളിക്കാനിടയുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker