കൊറോണ വൈറസ് ബാധ മൂലം ജോലിക്കായി മറ്റു രാജ്യങ്ങളിലേക്കു തിരിച്ചു പോകാൻ കഴിയാതെ നാട്ടിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് ധനസഹായം പ്രഖ്യാപിച്ച് നോർക്ക. അയ്യായിരം രൂപയാണ് പ്രവാസികൾക്കായി പ്രഖ്യാപിച്ചത്. ഈ മാസം പതിനഞ്ചു മുതൽ ധനസഹായം വിതരണം ചെയ്യും. ലോക്ക്ഡൗൺ മൂലം നാട്ടിൽ കുടുങ്ങിയവർക്കും വിസ കാലാവധി കഴിഞ്ഞവർക്കുമാണ് സഹായം ലഭ്യമാകുക.
പ്രവാസികളുടെ നാട്ടിലെ അക്കൗണ്ടിലേക്കാണ് പണം നൽകുക. സത്യവാങ്ങ്മൂലം സമർപ്പിച്ചാൽ ബന്ധുക്കളുടെ അക്കൗണ്ടിലേക്കും പണം കൈമാറും. നേരത്തെ രണ്ടു വർഷത്തിലധികം വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി നാട്ടിലെത്തിയവർക്ക് വിവിധ സംരംഭങ്ങൾ ആരംഭിക്കാൻ വായ്പാ സഹായം നോർക്ക പ്രഖ്യാപിച്ചിരുന്നു.