കേരളം

പ്രതിഷേധം ഫലം കണ്ടു, പോലീസ് നിയമത്തിലെ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

ഒട്ടനവധി വിമർശനങ്ങൾക്ക് വഴിവെച്ച പോലീസ് നിയമത്തിലെ പുതിയ ഭേദഗതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിയമസഭയിൽ ഇതു സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തിയതിനു ശേഷം തുടർ നടപടികൾ കൈക്കൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു.

നിയമഭേദഗതി നടപ്പിലാക്കിയത് സർക്കാരിന്റെ ഭാഗത്തു നിന്നും വന്ന വീഴ്ചയാണെന്നു സിപിഐഎം കേന്ദ്ര കമ്മിറ്റിയും പുതിയ നിയമം പുന:പരിശോധിക്കണമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് ഇതു നടപ്പിലാക്കുന്നതിൽ നിന്നും ഗവൺമെൻറ് പിൻവാങ്ങുന്നത്.

മുഖ്യമന്ത്രിയുടെ പ്രസ്താവന:

പൗരന്‍റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

അപകീര്‍ത്തികരവും അസത്യജഡിലവും അശ്ലീലം കലര്‍ന്നതുമായ പ്രചാരണങ്ങള്‍ക്കെതിരെ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും പരാതിയും നിലനില്‍ക്കുന്നുണ്ട്. സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടെ നിര്‍ദാക്ഷ്യണ്യം ആക്രമിക്കപ്പെടുന്നത് വലിയ പ്രതിഷേധമാണ് സമൂഹത്തില്‍ ഉണ്ടാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ നിയമത്തിന്‍റെ വഴി സ്വീകരിക്കണമെന്ന് മാധ്യമ മേധാവികള്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പോലീസ് ആക്ട് ഭേദഗതി വരുത്തണമെന്ന് ആലോചിച്ചത്.

ഭേദഗതി പഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.

സാമൂഹ്യമാധ്യങ്ങളിലൂടെയും അല്ലാതെയും വ്യക്തിസ്വാതന്ത്ര്യത്തിന്‍റെയും മാനവികസതയുടെയും അന്തസഃത്തയ്ക്ക് യോജിക്കാത്ത പ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സമൂഹമാകെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker