ഖത്തർ

ഖത്തറിൽ അനധികൃത മീൻപിടുത്തം തടയാനുള്ള നടപടികൾ ശക്തമാക്കി

ഖത്തറിലെ ജലാശയങ്ങളിൽ അമിത മത്സ്യബന്ധനം ഒഴിവാക്കി മത്സ്യസമ്പത്തിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം (എംഎംഇ) ശക്തമാക്കി. നിയമലംഘകരെ പിടികൂടുന്നതിനും നിരോധിച്ച  ഉപകരണങ്ങൾ ഉപയോഗിച്ചുള്ള മീൻപിടുത്തം തടയുന്നതിനുമായി മുനിസിപ്പൽ ഇൻസ്പെക്ടർമാർ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെന്ന് ഖത്തർ റേഡിയോ പരിപാടിയിൽ സംസാരിക്കവേ റാസ് മത്ബാക്കിലെ അക്വാട്ടിക് റിസർച്ച് സെന്റർ ഡയറക്ടർ ഇബ്രാഹിം സൽമാൻ അൽ മോഹന്നാദി പറഞ്ഞു.

തൊഴിലായും വിനോദത്തിനു വേണ്ടിയാണെങ്കിലും മത്സ്യബന്ധനം നടത്തുന്നവരെയെല്ലാം നിയമം ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് മത്സ്യബന്ധന രീതി നിയന്ത്രിക്കുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് നിരോധിത ഉപകരണങ്ങൾ ഉപയോഗിക്കുക, നിയന്ത്രിത സ്ഥലങ്ങളിൽ മീൻ പിടുത്തം നടത്തുക, ബ്രീഡിംഗ് സീസൺ മൂലം മത്സ്യബന്ധനം നിരോധിക്കുന്ന സമയത്ത് മത്സ്യബന്ധനം നടത്തുക എന്നിവ ചെയ്താൽ 2,000 മുതൽ 10,000 റിയാൽ വരെ പിഴ ഈടാക്കുമെന്നും അൽ മോഹന്നാദി പറഞ്ഞു.

നിയമലംഘനത്തിന്റെ ആദ്യ തവണ ഒത്തുതീർപ്പിലെത്താൻ കഴിയുമെന്നും എന്നാൽ കുറ്റം ആവർത്തിച്ചാൽ പിഴ നൽകേണ്ടിവരുമെന്നും അതിനു പുറമേ കൂടുതൽ കഠിനമായ ശിക്ഷയ്ക്കായി കോടതിയിൽ റഫർ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ ജലാശയങ്ങളിൽ വല ഉപയോഗിച്ചുകൊണ്ട് കിംഗ്ഫിഷുകളെ വേട്ടയാടുന്നത് ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെ നിരോധിച്ചിട്ടുണ്ട്. ഈ കാലയളവിൽ മത്സ്യങ്ങളുടെ പ്രജനനകാലമായി കണക്കാക്കപ്പെടുന്നതിനാലാണ് ഈ തീരുമാനം.

പ്രകൃതി സംരക്ഷണ വകുപ്പ് അൽ ഖോർ യൂണിറ്റിന്റെ പട്രോളിംഗ് കഴിഞ്ഞ മാസം അരിഡ പ്രദേശത്ത് മത്സ്യബന്ധനത്തിനായുള്ള മൂന്ന് പാളികളുള്ള നൈലോൺ വല പിടിച്ചെടുത്തിരുന്നു. മത്സ്യങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള നടപടികൾ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker