ഇന്ത്യകേരളം

ഖത്തറിൽ ഇന്ത്യൻ സർവകലാശാലയും സ്കൂളുകളും വരുന്നു, പുതിയ പദ്ധതികളുമായി അംബാസിഡർ

വാണിജ്യ നിക്ഷേപ സഹകരണം മുതൽ ഊർജ്ജം, കൃഷി, ആരോഗ്യ സംരക്ഷണം, സാംസ്കാരിക, വിദ്യാഭ്യാസ മേഖല, ജനസമ്പർക്കം വരെയുള്ള കാര്യങ്ങളിൽ ഖത്തറും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ ശക്തവും വൈവിധ്യപൂർണ്ണവും ഊർജ്ജസ്വലവും ബഹുമുഖവുമാണെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പറഞ്ഞു.

”വ്യാപാരം, നിക്ഷേപം തുടങ്ങിയ ചില മേഖലകളിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി നല്ല ഇടപാടുകളും ഞങ്ങൾ കണ്ടു. ഖത്തറിന്റെ പ്രധാന വ്യാപാര പങ്കാളികളിയായി ഇന്ത്യ ഈ വർഷം തുടരുന്നത് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതായാണ് കാണിക്കുന്നത്. കൊറോണ വൈറസിന്റെ ദുഷ്‌കരമായ സമയത്തു പോലും ഇരു രാജ്യങ്ങൾക്കുമിടയിൽ മികച്ച പങ്കാളിത്തം നിലനിർത്തി.” ഡോ. ദീപക് മിത്തൽ പറഞ്ഞു.

ഇന്ത്യൻ എംബസി സംഘടിപ്പിച്ച പ്രാദേശിക മാധ്യമങ്ങളുമായുള്ള സംവേദനാത്മക സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഒരു ഇന്ത്യൻ സർവ്വകലാശാല (സാവിത്രിബായ് ഫൂലെ പൂനെ യൂണിവേഴ്സിറ്റിയുടെ ഖത്തർ ക്യാമ്പസ്) 2021ന്റെ രണ്ടാം പകുതിയിൽ ആരംഭിക്കും. ബിഎസ്‌സി, ബാച്ചിലർ ഓഫ് എഡ്യൂക്കേഷൻ (ബിഇഡ്), ബിഎ, തുടങ്ങി നിരവധി ബിരുദങ്ങൾ വാഗ്ദാനം ചെയ്യുന്നു.” ഡോ. മിത്തൽ പറഞ്ഞു.

ഖത്തറിൽ നിലവിൽ പ്രവർത്തിക്കുന്ന 18 ഇന്ത്യൻ സ്കൂളുകൾക്കു പുറമേ രണ്ട് ഇന്ത്യൻ സ്കൂളുകൾക്ക് കൂടിഅനുമതി ലഭിക്കാനുള്ള ഒരുക്കത്തിലാണ്. ഏഴു ലക്ഷത്തോളമുള്ള ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹത്തിന്റെ ആവശ്യം നിറവേറ്റുന്നതിനായി കൂടുതൽ സ്കൂളുകൾ തുറക്കുന്നതിന് ഖത്തറിലെ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രിയും വിദ്യാഭ്യാസ അതോറിറ്റിയും ശക്തമായ പിന്തുണ നൽകിയിട്ടുണ്ടെന്നും ഡോ. മിത്തൽ പറഞ്ഞു.

പാസ്‌പോർട്ട് സേവനങ്ങൾ, അടിയന്തര സർട്ടിഫിക്കറ്റുകൾ, അറ്റസ്റ്റേഷൻ സേവനങ്ങൾ, തൊഴിൽ മാറ്റത്തിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ആവശ്യമായ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ, വിസ സേവനങ്ങൾ തുടങ്ങി 2020 സെപ്റ്റംബർ മുതൽ ഇതുവരെ എംബസി 25,000 ത്തിലധികം സേവനങ്ങൾ നൽകിയിട്ടുണ്ട്.

കോവിഡ് പശ്ചാത്തലത്തിൽ ഓട്ടോമാറ്റിക് കോൺസുലാർ സർവ്വീസുകൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാമെന്നും പെട്ടെന്ന് അപ്പോയ്മെന്റ് വേണ്ടവർക്കായി എമർജൻസി അപ്പോയ്മെന്റ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ സർക്കാർ ജോലികളിൽ നിന്ന് വിരമിച്ച് ഇപ്പോൾ ഖത്തറിൽ താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് പെൻഷൻ ലഭിക്കുന്നതിനുള്ള ലൈഫ് സർട്ടിഫിക്കറ്റ് പ്രത്യേക വാക്ക്-ഇൻ-ഫെസിലിറ്റി വഴി നൽകുമെന്നും ഇതിനകം ഇത്തരത്തിൽ 197 ലൈഫ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതായും ഡോ. മിത്തൽ അറിയിച്ചു.

ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾക്ക് എംബസി വഴി സഹായങ്ങൾ നൽകുന്നതിനായി ‘മദദ്’ എന്നപേരിൽ ഓൺലൈൻ പോർട്ടൽ തുടങ്ങിയിട്ടുണ്ടെന്നും കാര്യങ്ങൾ സുഗമമാക്കുന്നതിന് ഉടനെ തന്നെ ഒരു മൊബൈൽ ആപ്പ് കൂടി തുടങ്ങുമെന്നും അംബാസിഡർ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker