ഇന്ത്യയിലേക്ക് ആറു ഫ്ളൈറ്റുകൾ കൂടി പ്രഖ്യാപിച്ചു, ജൂണിൽ ഇരുപത്തിയേഴു സർവീസുകൾ നടത്തും
ദോഹയിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള പുതിയ വിമാനങ്ങളുടെ പട്ടിക ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം ജൂൺ 18 മുതൽ 2 സംസ്ഥാനങ്ങളിലേക്ക് 6 വിമാനങ്ങൾ കൂടി സർവീസ് നടത്തും. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച 21 വിമാനങ്ങൾക്ക് പുറമേയാണ് ആറു വിമാനങ്ങൾ പ്രഖ്യാപിച്ചത്.
”നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള പരമാവധി പേരെ കഴിയുന്നത്ര വേഗത്തിൽ ഇവിടെയെത്തിക്കാൻ ഇന്ത്യൻ സർക്കാർ ആഗ്രഹിക്കുന്നു, അതിന്റെ ഭാഗമായാണ് അധിക വിമാനങ്ങൾ ഏർപ്പെടുത്തിയത്.”ഇന്ത്യൻ എംബസി മുതിർന്ന ഉദ്യോഗസ്ഥൻ ഖത്തറിലെ പ്രമുഖ മാധ്യമമായ പെനിൻസുലയോട് പറഞ്ഞു.
Further Revised List of Flights from Doha for June 2020: pic.twitter.com/cCwdo2NABh
— India in Qatar (@IndEmbDoha) June 9, 2020
ഭുവനേശ്വർ (1), തിരുവനന്തപുരം (2), കോഴിക്കോട് (1), കൊച്ചി (1), കണ്ണൂർ (1) എന്നീ നഗരങ്ങളിലേക്കാണ് പുതിയ വിമാന സർവീസുകൾ. ഭുവനേശ്വറിലേക്കുള്ള വിമാനം ദില്ലിയിലും നിർത്തും. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ വിമാന യാത്രക്കാരുടെ പട്ടിക അന്തിമമായി തയ്യാറാക്കുന്നത് എംബസിയാണ്. ഇന്ത്യയിലേക്ക് മടങ്ങുന്നതിന് ഇതുവരെ 40,000ൽ അധികം ആളുകൾ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്ന് വരെ 21 വിമാനങ്ങളാണ് ദോഹയിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് യാത്രക്കാരെ എത്തിച്ചത്. 3506 മുതിർന്നവരും 98 ചെറിയ കുട്ടികളുമാണ് മടങ്ങിയെത്തിയതെന്ന് ഇന്ത്യൻ എംബസി ട്വീറ്റിൽ അറിയിച്ചു.