ഇന്ത്യകേരളംഖത്തർ

പ്രവാസികളെ തിരിച്ചെത്തിക്കൽ ഈ മാസം ഏഴു മുതൽ ആരംഭിക്കും

വിവിധ രാജ്യങ്ങളിലുള്ള പ്രവാസികളെ മടക്കിയെത്തിക്കുന്ന കാര്യത്തിൽ തീരുമാനമായി. ഈ മാസം ഏഴു മുതലാണ് പ്രവാസികളെ തിരിച്ചു കൊണ്ടു വരാൻ ആരംഭിക്കുകയെന്ന് കേന്ദ്രസർക്കാർ വിജ്ഞാപനത്തിലൂടെ വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ അംബാസിഡർമാർക്ക് ഇതു സംബന്ധിച്ച നിർദ്ദേശം കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്.

മടങ്ങിയെത്തുന്ന പ്രവാസികൾ അവരുടെ യാത്രാ ചെലവ് സ്വയം വഹിക്കണമെന്ന് നിബന്ധനയുണ്ട്. ഇതടക്കം പിന്തുടരേണ്ട മാർഗ്ഗരേഖകൾ മുൻപു തന്നെ വെളിപ്പെടുത്തിയിരുന്നു. മടങ്ങിയെത്തുന്നവർ പതിനാലു ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നും നിർദ്ദേശമുണ്ട്.

മടങ്ങിയെത്തേണ്ടവരുടെ പട്ടിക എംബസികളാണു തയ്യാറാക്കുക. എത്ര പേരെ മടക്കി അയക്കണമെന്നും അതിൽ മുൻഗണന ആർക്കൊക്കെ നൽകണമെന്നും എംബസി തീരുമാനിക്കും. വിമാനമാർഗമോ കപ്പൽ മാർഗമോ ആയിരിക്കും പ്രവാസികളെ എത്തിക്കുക.

ഗൾഫ് രാജ്യങ്ങളിൽ ഉള്ളവരെ വിമാനത്തിൽ തന്നെയാണ് എത്തിക്കുക. കപ്പൽ വഴി മാലിയിൽ നിന്നുമാണ് ആദ്യത്തെ പ്രവാസികളുടെ സംഘം എത്തുകയെന്നാണ് റിപ്പോർട്ടുകൾ. ഗൾഫിൽ നിന്നും പ്രതിദിന സർവീസുകൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.

മടങ്ങിയെത്തുന്നവരുടെ കൊവിഡ് പരിശോധന അതതു സംസ്ഥാനങ്ങൾ നടത്തേണ്ടതാണ്. രോഗലക്ഷണമുള്ളവരെ പ്രത്യേകം നിരീക്ഷണത്തിൽ പാർപ്പിക്കും. അല്ലാത്തവർ മടങ്ങിയെത്തി വീടിനുള്ളിൽ നിരീക്ഷണത്തിൽ കഴിയേണ്ടതാണ്.

നോർക്ക വഴി നാലു ലക്ഷത്തോളം പ്രവാസികളാണ് തിരിച്ചെത്താൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് എംബസി മുഖേന രജിസ്റ്റര്‍ ചെയ്ത ആളുകളെയാണ് ആദ്യം തിരികെ കൊണ്ടുവരിക. സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന കണക്കുകള്‍ക്ക് അപ്പുറത്ത് അതാത് എംബസികള്‍ നല്‍കുന്ന മുന്‍ഗണനാ ലിസ്റ്റ് അനുസരിച്ചാകും അന്തിമ ലിസ്റ്റ് തയാറാക്കുക എന്നാണ് വിവരം.

പ്രവാസികളെ ഉടൻ മടക്കിക്കൊണ്ടു വരുമെന്ന് നേരത്തെ പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. സംസ്ഥാന സർക്കാർ ഇതിനുള്ള എല്ലാ നടപടി ക്രമങ്ങളും ചെയ്തിട്ടുണ്ടെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker