ആരോഗ്യംഖത്തർ

കൊറോണക്കെതിരായ വാക്സിൻ വികസിപ്പിച്ചെടുക്കാൻ പുതിയ നീക്കവുമായി ഖത്തർ

ആഗോള തലത്തിൽ കൊറോണ പടർന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തിൽ വൈറസിനെതിരെ വാക്സിൻ വികസിപ്പിച്ചെടുക്കാൻ ഖത്തറും റഷ്യയും കൈ കോർക്കുന്നു. ഇരു രാജ്യങ്ങളും സംയുക്തമായി കൊവിഡ് 19നെതിരായ വാക്സിൻ നിർമിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഖത്തറിലെ റഷ്യൻ അംബാസിഡറായ നുർമുഹമ്മദ് ഖൊലോവ് അറിയിച്ചു.

“കൊവിഡ് 19 മഹാമാരി ആരംഭിച്ചതു മുതൽ ഖത്തറും റഷ്യയും വളരെയധികം സഹകരണത്തോടെ ഒരുമിച്ചു പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല, ഇരു രാജ്യങ്ങളിലെയും മെഡിക്കൽ ഇൻസ്റ്റിട്യൂട്ടുകൾ ചേർന്ന് കൊവിഡിനെതിരായ വാക്സിൻ കണ്ടെത്താനുള്ള ശ്രമം നടത്തി കൊണ്ടിരിക്കുകയാണ്.” ഖത്തറിലെ ഒരു പ്രാദേശിക മാധ്യമത്തോട് ഖൊലോവ് പറഞ്ഞു.

രണ്ടു മുതൽ നാലു മണിക്കൂറിനുള്ളിൽ ഫലം തരുന്ന റഷ്യയുടെ കൊവിഡ് പരിശോധനാ സംവിധാനം ഉപയോഗിക്കാനുള്ള സാധ്യതകൾ ഖത്തർ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതു വരെ പതിമൂന്നു രാജ്യങ്ങളിലേക്ക് റഷ്യ കണ്ടെത്തിയ ഈ സംവിധാനം അയച്ചിട്ടുണ്ട്. കൊറോണക്കെതിരെ ഖത്തർ നേതൃത്വവും ആരോഗ്യ പ്രവർത്തകരും നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

കൊറോണ വൈറസ് ലോകത്ത് പടർന്നതിനു ശേഷം നിരവധി കാര്യങ്ങളിൽ ഖത്തറും റഷ്യയും ഒരുമിച്ചു പ്രവർത്തിച്ചിരുന്നു. ഖത്തർ എയർവേയ്സ് നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ച അദ്ദേഹം ഒറ്റക്കെട്ടായി നിന്നാൽ ഈ മഹാവിപത്തിനെ തുരത്താൻ കഴിയുമെന്നും അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker