ആരോഗ്യംഖത്തർ

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടാൻ സാമൂഹ്യ അകലം പാലിക്കാത്തതു കാരണമായെന്ന് എച്ച്എംസി മേധാവി

സാമൂഹ്യ അകലം പാലിക്കുന്ന കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്താത്തത് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ടെന്ന് കൊവിഡ് 19 ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ ചെയർമാനും എച്ച്എംസിയിലെ പകർച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ. അബ്ദുൾ ലത്തിഫ് അൽ ഖാൽ. ഇന്നലെ ആരോഗ്യമന്ത്രാലയത്തിന്റെ വാർത്താ സമ്മേളനത്തിൽ ഖത്തർ ടിവിയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടിനുള്ളിൽ സാമൂഹിക അകലവും സുരക്ഷാ മുൻകരുതലുകളും പാലിക്കാത്തതിനാൽ രോഗം പിടിപെട്ട ഖത്തറിലെ ചില കുടുംബങ്ങളുടെ കാര്യം അദ്ദേഹം ഉദാഹരണമായി പറയുകയും ചെയ്തു.

“രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഹെൽത്ത് സെന്ററിൽ വെച്ചു നടന്ന സ്ക്രീനിംഗിനിടെയാണ് ഒരു ഖത്താറി കുടുംബത്തിലെ ഹൗസ് മെയ്‌ഡിന് ആദ്യം കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്. അതിനു ശേഷം കുടുംബാംഗങ്ങൾക്കു മുഴുവൻ പരിശോധന നടത്തിയപ്പോൾ മറ്റുള്ളവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ആ കുടുംബത്തിലുള്ളവർ അവരുടെ അമ്മയുടെ വീട്ടിലെ ചടങ്ങിനടക്കം പങ്കെടുത്തതിനെ തുടർന്ന് അവിടെയുള്ളവരിൽ ചിലർക്കും വൈറസ് ബാധയേറ്റു.”

“മറ്റൊരു ഖത്തറി കുടുംബത്തിലെ യുവാവിനാണ് ആദ്യം വൈറസ് ബാധയേറ്റത്. അതിനു ശേഷം അവിടെയുള്ള പത്തിലധികം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മൂന്നു വീടുകളിലായി കഴിയുന്ന അവർ ആദ്യ പോസിറ്റീവ് കേസ് സ്ഥിരീകരിച്ചതിനു ശേഷം പുറത്തു പോയിരുന്നില്ല. പക്ഷേ വീടിനകത്ത് സുരക്ഷാ കരുതൽ എടുക്കാനവർ തയ്യാറായില്ല.”

“പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവുമുള്ള മറ്റൊരു ഖത്തറി കുടുംബത്തിലെ 74 വയസായ ആൾക്ക് കൊറോണ മൂലം ന്യുമോണിയ പിടിപെട്ടു. ഇപ്പോൾ അദ്ദേഹത്തിന്റെ ബന്ധുക്കളായ നാലു പേർക്കാണ് കൊറോണ മൂലം ന്യുമോണിയ വന്നിരിക്കുന്നത്.” ഡോ. അൽ ഖാൽ പറഞ്ഞു.

ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ കൃത്യമായി അനുസരിക്കാതെയും സുരക്ഷാ കരുതലുകൾ പാലിക്കാതെയും പൊതു ചടങ്ങുകൾ, കുടുംബ ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നത് വൈറസ് ബാധിതരുടെ എണ്ണം കൂടാൻ കാരണമായെന്ന് അദ്ദേഹം പറഞ്ഞു. റമദാൻ മാസമാണെങ്കിലും മതപരമായുള്ളതോ കുടുംബപരമായുള്ളതോ ആയ ഒരു ചടങ്ങിലും ആരും പങ്കെടുക്കരുതെന്നും ഡോ. അൽ ഖാൽ മുന്നറിയിപ്പു നൽകി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker