കേരളം

സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്ക് ചങ്ങലപ്പൂട്ട്, അഞ്ചു വർഷം തടവ് ലഭിക്കാവുന്ന നിയമം കേരളത്തിൽ പ്രാബല്യത്തിൽ

സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നതിനെയും സൈബർ അധിക്ഷേപങ്ങളെ ഇല്ലാതാക്കുന്നതിനും പുതിയ നിയമം പ്രാബല്യത്തിൽ വരുത്തി കേരള സർക്കാർ. പോലീസ് ആക്ടിലെ പുതിയ ഭേദഗതി പ്രകാരം സാമൂഹ്യമാധ്യമങ്ങൾ വഴി അധിക്ഷേപം, വ്യക്തിഹത്യ എന്നിവ നടത്തുന്നവർക്ക് അഞ്ചു വർഷം തടവും പിഴയും നൽകുന്ന നിയമമാണു കഴിഞ്ഞ ദിവസം ഗവർണർ ഒപ്പിട്ടതോടെ നടപ്പിൽ വന്നത്.

സൈബർ ഇടങ്ങളിൽ കൂടി വ്യക്തികളെ കേന്ദ്രീകരിച്ചുള്ള അധിക്ഷേപവും വ്യക്തിപരമായ വിമർശനങ്ങളും തടയാൻ പോലീസിന് നിയമം കൂടുതൽ അധികാരം നൽകും. പോലീസ് ആക്ടിൽ 118 (A) എന്ന ഉപവകുപ്പു ചേർത്താണ് ഭേദഗതി. ഇത്തരം കുറ്റകൃത്യങ്ങളിൽ വാറന്റ് പോലുമില്ലാതെ പോലീസിന് അറസ്റ്റ് രേഖപ്പെടുത്താൻ കഴിയും.

നിലവിൽ സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യങ്ങളും വ്യക്തിപരമായ അധിക്ഷേപവും തടുക്കുന്നതിൽ പോലീസിനു പരിമിതികളുണ്ട്. ഇതിനെ തടുക്കാനാണ് പുതിയ നിയമം എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇതു വ്യക്തി സ്വാതന്ത്ര്യത്തെ തകർക്കുമെന്ന വിമർശനം ശക്തമായി ഉയരുന്നുണ്ട്.

നിയമപ്രകാരം അപകീർത്തികരമായ ഒരു വാർത്ത നൽകിയതിനു മാധ്യമങ്ങൾക്കെതിരെ നൽകുന്ന പരാതിയിൽ വാറൻറില്ലാതെ പോലീസ് അറസ്റ്റ് രേഖപ്പെടുത്താൻ കഴിയും. വാർത്ത വ്യാജമാണോ സത്യമാണോ എന്നതു പ്രസക്തമാവില്ല. സമൂഹത്തിലെ ഉന്നത സ്ഥാനത്തിരിക്കുന്നവർ, രാഷ്ട്രീയ നേതാക്കൾ എന്നിവർക്കെതിരായ വിമർശനങ്ങളും അറസ്റ്റിനു കാരണമായേക്കാം.

സോഷ്യൽ മീഡിയയിൽ ഇടപെടുന്നവർ സൂക്ഷിക്കണമെന്നാണ് പുതിയ നിയമം വ്യക്തമാക്കുന്നത്. സൈബർ സ്പേസിലെ വിമർശനങ്ങൾ പരിധി വിടുകയും അതു വ്യക്തിപരമാവുകയും ചെയ്താൽ അവർക്കു പിടി വീഴാൻ വളരെയധികം സാധ്യതയുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker