അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

ഖത്തറിൽ രണ്ടായിരത്തിലധികം പേർക്ക് കൊവിഡ് രോഗമുക്തി, ഇന്നു മൂന്നു മരണം

ഖത്തറിൽ ഇന്നു മൂന്നു പേർ കൂടി കൊവിഡ് 19 മൂലം മരണപ്പെട്ടതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം മുപ്പത്തിമൂന്നായി. എൺപത്തിയൊന്നും അൻപതും ഇരുപത്തിയഞ്ചും വയസുള്ള മൂന്നു പേരാണ് രാജ്യത്ത് ഇന്നു മരണമടഞ്ഞത്. ഇവർക്ക് മറ്റു പല ഗുരുതര അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നു വ്യക്തമാക്കിയ ആരോഗ്യ മന്ത്രാലയം മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 1967 പേർക്ക് പുതിയതായി രോഗബാധ കണ്ടെത്തിയപ്പോൾ 2116 പേരാണ് രോഗത്തിൽ നിന്നും മുക്തരായത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധ കണ്ടെത്തിയവരുടെ എണ്ണം 50914 ആയി. ഇതിൽ 15399 പേർക്ക് രോഗം ഭേദമായപ്പോൾ 35482 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ആദ്യമായാണ് രാജ്യത്ത് രോഗികളേക്കാൾ കൂടുതൽ പേർ രോഗമുക്തരാകുന്നത്.

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിൽ 23 പേർ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇതോടെ ഐസിയുവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 214 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 261 പേരെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാക്കിയപ്പോൾ ആകെ ആശുപത്രിയിലുള്ള രോഗികളുടെ എണ്ണം 1608 ആണ്.

ഇൻഡസ്ട്രിയൽ ഏരിയയിലുള്ള തൊഴിലാളികൾക്കിടയിലാണ് രോഗബാധ കൂടുതലായി കണ്ടെത്തുന്നത്. കുടുംബാംഗങ്ങളിൽ നിന്നും പകർന്ന കേസുകളുമുണ്ട്. രോഗം കണ്ടെത്തിയവർക്കെല്ലാം മതിയായ ചികിത്സ നൽകുന്നുണ്ട്. രോഗവ്യാപനത്തിന്റെ വേഗം കുറക്കാൻ എല്ലാവരുടെയും സഹായം വേണമെന്നും സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker