ഇന്ത്യഖത്തർ

അപൂർവ്വമായ മയക്കുമരുന്നു കേസ്: ഖത്തർ ജയിലുണ്ടായിരുന്ന ഇന്ത്യൻ ദമ്പതികളെ കോടതി കുറ്റവിമുക്തരാക്കി

പത്തു വർഷം തടവും ഒരു കോടി രൂപ പിഴയും വിധിക്കപ്പെട്ട് ഒരു വർഷത്തിലേറെയായി ഖത്തറിലെ ജയിലിൽ കിടന്നിരുന്ന മുംബൈ സ്വദേശികളായ ദമ്പതികൾ ഒനിബ ഖുറേഷി, മുഹമ്മദ് ഷാരിഖ് ഖുറേഷി എന്നിവരെ കോടതി വെറുതെ വിട്ടു. അപൂർവ്വമായ കേസിൽ ഖത്തറിലെ പ്രമുഖ നിയമവിദഗ്ദനും മലയാളി സാമൂഹ്യ പ്രവർത്തകനുമായ അഡ്വ. നിസാർ കോച്ചോരിയുടെ ഇടപെടലാണ് ദമ്പതികളെ കുറ്റവിമുക്തരാക്കാൻ സഹായിച്ചത്.

2019 ജൂലൈയിൽ ഷാരിഖിന്റെ അമ്മായിയായ തബസും ഖുറേഷി ഓഫർ ചെയ്ത ടൂർ പാക്കേജിന്റെ ഭാഗമായി ഖത്തറിലെത്തിയ ദമ്പതികളുടെ പക്കൽ നിന്നും ഹമദ് എയർപോർട്ട് അധികൃതർ നാലു കിലോയിലധികം ഹാഷിഷ് കണ്ടെടുക്കുകയായിരുന്നു. യാത്രക്കു മുൻപ് പുകയിലയാണെന്നു പറഞ്ഞ് അമ്മായി തബസും ഏൽപിച്ച പാക്കറ്റിൽ നിന്നു തന്നെയാണ് ഹാഷിഷ് കണ്ടെടുത്തത്.

ഗർഭിണിയായിരുന്ന ഒനീബയുടെയും ഭർത്താവ് ഷാരിഖിന്റെയും സന്തോഷത്തോടു കൂടിയുള്ള യാത്രയിൽ അതോടെ ദു:ഖത്തിന്റെ കരിനിഴൽ വീഴുകയായിരുന്നു. കേസ് കോടതിയിൽ എത്തിയപ്പോൾ ഇവർക്കെതിരെ മയക്കുമരുന്ന് കടത്തിയ കുറ്റത്തിനുള്ള ശിക്ഷയാണ് വിധിക്കപ്പെട്ടത്.

ഇതിനു ശേഷം ഷാരിഖിന്റെ പിതാവ് ഖത്തറിലെത്തി കേസ് നടത്താൻ ഒരു അഭിഭാഷകനെ നിയമിക്കുകയുണ്ടായി. ഇവർ ഹാജരാക്കിയ തെളിവുകളിൽ അമ്മായിയായ തബസും ഖത്തർ സന്ദർശിക്കാൻ നിർബന്ധിക്കുന്നതിന്റെയും പുകയില പാക്കറ്റിനെയും സംബന്ധിച്ച ഫോൺ സംഭാഷണങ്ങളുടെ ഓഡിയോ വ്യക്തമായി ഉണ്ടായിരുന്നു.

ഈ തെളിവുകൾ ഉണ്ടായിട്ടും അപ്പീൽ കോടതി 2020 ജനുവരി 27ന് വിചാരണ കോടതിയുടെ വിധി ശരിവെച്ച് ദമ്പതികളുടെ അപേക്ഷ തള്ളി. ഇതിനു പിന്നാലെ ഒനീബ ജയിലിൽ വച്ച് 2020 ഫെബ്രുവരിയിൽ അയാത് എന്ന പെൺകുഞ്ഞിനു ജന്മം നൽകി.

ഇതിനു ശേഷം ഷാരിഖിന്റെ പിതാവ് അഡ്വ. നിസാർ കോച്ചോരിയെ സമീപിച്ചതാണ് കേസിൽ മാറ്റങ്ങളുണ്ടാക്കിയത്. അദ്ദേഹത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ കേസ് നൽകിയതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ ഷാരിഖിന്റെ അമ്മായി തബസും മയക്കുമരുന്നു സംഘത്തിലെ കണ്ണിയാണെന്നു തെളിയിക്കപെടുകയും സഹായിക്കൊപ്പം അറസ്റ്റിലാവുകയും ചെയ്തത് കേസിൽ നിർണായകമായി.

കേസിൽ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം സഹായം വാഗ്ദാനം ചെയ്തതിനു പിന്നാലെ കോർട്ട് ഓഫ് കാസേഷൻ അപ്പീൽ കോടതിയുടെ വിധിയിൽ പിഴവുകളുണ്ടെന്നു വ്യക്തമാക്കി മറ്റൊരു ബെഞ്ചിന് കീഴിൽ വാദം കേൾക്കണമെന്നു നിർദ്ദേശിച്ചു. ഈ ബെഞ്ചിനു മുന്നിൽ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സുപ്രധാന വിധിയുണ്ടായത്.

നടപടിക്രമങ്ങൾക്കു ശേഷം ജയിൽ മോചിതരായി ദമ്പതിമാർക്ക് നാട്ടിലേക്കു മടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നത്. ദമ്പതികൾക്കു വേണ്ടി ഖത്തരി അഭിഭാഷകൻ അബ്ദുള്ള ഈസ അൽ അൽസരി ഹാജരായപ്പോൾ അഡ്വ. നിസാർ കോച്ചേരി, ഇന്ത്യൻ എംബസി പ്രതിനിധി എന്നിവരും കോടതിയിൽ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker