
കൊറോണ വ്യാപനം കൂടിയ തോതിൽ നിലനിൽക്കുന്ന ഖത്തറിൽ പേടി കൊണ്ട് കുട്ടികൾക്കുള്ള വാക്സിനുകൾ സമയത്ത് എടുക്കാൻ വിട്ടു പോകരുതെന്ന മുന്നറിയിപ്പു നൽകി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. ഫഹദ് ശൈഹാൻ. കൊവിഡ് ഭീതി മൂലം കുട്ടികൾക്ക് വാക്സിനുകൾ എടുക്കാൻ വിട്ടു പോകുന്നതോ കാലതാമസം നേരിടുന്നതോ പിന്നീട് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾക്കുള്ള വാക്സിനുകൾ എടുക്കുന്നതിനും മറ്റുമായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വരാൻ ഭയപ്പെടേണ്ട കാര്യമില്ല. എല്ലാ വിധ സുരക്ഷാ മുൻകരുതലുകളും അവിടെ സജ്ജീകരിച്ചിട്ടുണ്ട്. വാക്സിനുകൾ കൃത്യമായ സമയത്തു നൽകാൻ തടസമില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും രക്ഷിതാക്കളിൽ പലരും ഭീതി മൂലം അതിനു തയ്യാറാവാത്തതിനെ തുടർന്നാണ് ഈ നിർദ്ദേശം നൽകിയത്.
സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയതു കൊണ്ട് മാതാപിതാക്കൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഡോക്ടർ വ്യക്തമാക്കി. മറ്റു കാര്യങ്ങൾക്ക് അനാവശ്യമായി പുറത്തിറങ്ങുന്നതിനു പകരം ഇത്തരം നിർണായക സംഗതികൾ ചെയ്യേണ്ടതിലാണ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.