അന്തർദേശീയംഖത്തർ

അതിർത്തികൾ തുറക്കാൻ സൗദി അറേബ്യ, ഖത്തർ ഉപരോധം അവസാനിക്കുന്നു

വർഷങ്ങളായി തുടരുന്ന ഖത്തർ ഉപരോധം അവസാനിക്കാനൊരുങ്ങുന്നു. ഖത്തറിനു മുന്നിൽ കൊട്ടിയടച്ച വ്യോമാതിർത്തിയും കരമാർഗവും തുറന്നു നൽകാൻ സൗദി അറേബ്യ തയ്യാറെടുക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അടുത്തു തന്നെ പുറത്തു വരും.

പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ മുന്നിൽ നിന്ന കുവൈത്ത് ആയിരിക്കും ഇതിന്റെ വിശദാംശങ്ങൾ പുറത്തു വിടുകയെന്നാണ് സൂചനകൾ. ഖത്തർ എയർവേയ്സ് വിമാനങ്ങൾക്കു വേണ്ടി വ്യോമാതിർത്തി തുറന്നു നൽകുന്നതിനു പുറമേ കര അതിർത്തിയും സൗദി തുറന്നു കൊടുക്കാൻ ഒരുങ്ങുകയാണെങ്കിലും മറ്റ് ഉപരോധ രാഷ്ട്രങ്ങളായ ബഹ്റൻ, ഈജിപ്ത്, യുഎഇ എന്നിവരുടെ നിലപാട് ഇക്കാര്യത്തിൽ വ്യക്തമായിട്ടില്ല.

ട്രംപിന്റെ മുഖ്യ ഉപദേശകനും മരുമകനുമായ ജാറെദ് കുഷ്നർ നടത്തിയ മിഡിൽ ഈസ്റ്റ് സന്ദർശനമാണ് മേഖലയിലെ മഞ്ഞുരുക്കൽ പൂർണമാക്കുന്നതെന്നാണു കരുതേണ്ടത്. ആദ്യം സൗദി സുൽത്താനെ സന്ദർശിച്ച കുഷ്നർ അതിനു ശേഷം കഴിഞ്ഞ ദിവസം ഖത്തർ അമീറിനെ കാണുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു.

കുഷ്നറുടെ സന്ദർശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇരു രാജ്യങ്ങളും പുറത്തു വിട്ടിട്ടില്ലെങ്കിലും അത് ഖത്തർ ഉപരോധം അവസാനിപ്പിക്കുന്നതിനു വേണ്ടിയാണെന്നു വ്യക്തമാണ്. ഗൾഫ് പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് സൗദി അറേബ്യ നേരത്തെ സൂചനകൾ നൽകിയിരുന്നു.

Source : Doha News

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker