വഖൂദ്, അൽ സൈലിയയിൽ 2 പെട്രോൾ സ്റ്റേഷനുകൾ തുറക്കുകയും അൽ മാർഖിയ പെട്രോൾ സ്റ്റേഷൻ വിപുലീകരിക്കുകയും ചെയ്തു. കൂടാതെ പേൾ-ഖത്തറിലും സൗത്ത് അൽ ആമ്രിയയിലും രണ്ട് മൊബൈൽ പെട്രോൾ സ്റ്റേഷനുകൾ കൂടി തുറന്നു. പുതിയ സ്റ്റേഷനുകൾ തുറക്കുന്നതോടെ വഖൂദ് പെട്രോൾ സ്റ്റേഷനുകളുടെ ശൃംഖലകളുടെ എണ്ണം 96 ലെത്തി.
സെയ്ലിയയിൽ പുതിയ സ്ഥിര പെട്രോൾ സ്റ്റേഷൻ തുറക്കാനായതിലും അൽ മാർഖിയയിൽ പെട്രോൾ സ്റ്റേഷനുകൾ വിപുലീകരിക്കാൻ സാധിച്ചതിലും ഞങ്ങൾ സന്തുഷ്ടരാണെന്ന് വഖൂദ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സാദ് റാഷിദ് അൽ മുഹന്നദി പറഞ്ഞു.
“ പെട്രോളിയം ഉൽപന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി രാജ്യത്ത് പെട്രോൾ സ്റ്റേഷൻ ശൃംഖല വിപുലീകരിക്കാനും ഉപയോക്താക്കൾക്ക് അവരുടെ സൗകര്യത്തിലും മികച്ച നിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യം കൈവരിക്കാനും വഖൂദ് ആഗ്രഹിക്കുന്നുവെന്നും, രാജ്യത്തിന്റെ ഇന്ധന, ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതിയ പെട്രോൾ സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനുള്ള നടപടികൾ വഖൂദ് അടുത്തിടെ ത്വരിതപ്പെടുത്തിയതായും അദ്ദേഹം സൂചിപ്പിച്ചു.
ഈ പദ്ധതി പൂർത്തീകരിക്കുന്നതിന് സംഭാവന നൽകിയ ബന്ധപ്പെട്ട എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും നന്ദി അറിയിക്കുകയും ചെയ്തു.