ആരോഗ്യംഖത്തർ

കൊവിഡിനെ പിടിച്ചു കെട്ടാൻ പുതിയ മരുന്നെത്തിക്കാൻ ഖത്തർ ഒരുങ്ങുന്നു

കൊവിഡ് 19 രോഗം പിടിപെട്ടവരുടെ ചികിത്സയിൽ മികച്ച ഫലം കാണിച്ച മരുന്ന് രാജ്യത്തെത്തിക്കാൻ ഖത്തർ ഒരുങ്ങുന്നു. ഹമദ് മെഡിക്കൽ കോർപറേഷനിലെ ഹെഡ് ആയ ഡോ. അബ്ദുൾ ലത്തിഫ് അൽ ഖാൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കയിൽ നിരവധി കൊവിഡ് രോഗികളിൽ പരീക്ഷിച്ചു വിജയം കണ്ട ‘റെംഡെസ്വിർ’ എന്ന മരുന്നാണ് രാജ്യത്തെത്തിച്ച് കൊവിഡ് ചികിത്സയിൽ മുന്നേറ്റമുണ്ടാക്കാനാണു പദ്ധതിയെന്ന് അദ്ദേഹം ഖത്തർ ടിവിയോടു പറഞ്ഞു.

രോഗികളുടെ നാഡികളിലൂടെ നൽകുന്ന ഈ മരുന്ന് വൈറസ് ബാധയെത്തുടർന്നുള്ള അസുഖങ്ങൾ വളരെ പെട്ടന്ന് ഇല്ലാതാക്കുന്നതാണ്. സാധാരണയായി രോഗലക്ഷണങ്ങൾ ഇല്ലാതാവാൻ പതിനഞ്ചു ദിവസങ്ങൾ എടുക്കുമെങ്കിൽ ഈ മരുന്നിനാൽ പതിനൊന്നു ദിവസം കൊണ്ട് അതു സാധ്യമാകുമെന്നും മരണ നിരക്ക് എട്ടു മുതൽ പതിനൊന്നു ശതമാനം വരെ കുറക്കാൻ കഴിയുമെന്നും ഡോ. അൽ ഖാൽ വെളിപ്പെടുത്തി.

പുതിയ മരുന്നുമായി ബന്ധപ്പെട്ട കൂടുതൽ പരീക്ഷണ ഫലങ്ങൾ വരുന്നതിനു വേണ്ടി കാത്തിരിക്കുകയാണെന്നും അതിനു ശേഷം ലഭ്യതയനുസരിച്ച് അതു രാജ്യത്തെത്തിച്ച് രോഗികളിൽ പരീക്ഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നിലവിൽ ഫലം ചെയ്യുന്ന ചില മരുന്നുകൾക്കു പുറമേ ഇതും രോഗികൾക്കു നൽകാനാണ് തീരുമാനമെന്നും ഇപ്പോൾ വളരെ ചെറിയ രോഗലക്ഷണം കാണിക്കുന്നവർക്ക് മരുന്നുകൾ നൽകുന്നില്ലെന്നും ഡോ. അൽ ഖാൽ പറഞ്ഞു.

കൊവിഡിന്റെ വ്യാപനം രാജ്യത്ത് ഉയർന്ന തോതിൽ നിലനിൽക്കുന്നതു കൊണ്ട് ആളുകൾ വീടുകളിൽ നിന്നും പുറത്തിറങ്ങുന്നത് കുറക്കണമെന്നും അടിയന്തിര കാര്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡോ. അൽ ഖാൽ ഓർമിപ്പിച്ചു. രോഗലക്ഷണങ്ങൾ കാണിക്കാത്തവരിൽ പോലും വൈറസ് ബാധ കണ്ടെത്തുന്നത് നിരവധി പേർക്ക് സ്ക്രീനിങ് നടത്തുന്നതു കൊണ്ടാണെന്നും ഡോ. അൽ ഖാൽ വെളിപ്പെടുത്തി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker