അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

ഖത്തറിൽ രണ്ടു കൊവിഡ് മരണം, ഇന്നു രോഗബാധിതരായവരുടെ എണ്ണം 1501

ഖത്തറിൽ ഇന്നു പുതിയതായി 1501 പേർക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 43714 ആയി. അതേ സമയം ഇന്ന് 657 പേർക്കാണ് അസുഖം ഭേദമായത്. ഇന്നലെയത് 630 ആയിരുന്നു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 9170 ആയി.

അതേ സമയം ഇന്ന് കൊവിഡ് ബാധിച്ച് രണ്ടു പേർ കൂടി മരണമടഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അറുപത്തിയാറും അൻപത്തിമൂന്നും വയസുള്ള രണ്ടു പേരാണ് ഇന്നു മരണമടഞ്ഞത്. ഇവർ രണ്ടു പേരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇതോടെ ഖത്തറിൽ കൊവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം ഇരുപത്തിമൂന്നായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3349 പേർക്ക് ടെസ്റ്റുകൾ നടത്തിയാണ് 1501 പേർക്ക് രോഗബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. ഇന്നലെ 4152 പേർക്കു പരിശോധന നടത്തിയപ്പോൾ 1732 പേർക്കായിരുന്നു രോഗം കണ്ടെത്തിയത്. ഇതു വരെ 188143 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയിരിക്കുന്നത്. ഇന്നത്തോടെ 9170 പേർക്ക് രോഗം ഭേദമായപ്പോൾ 34521 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 1805 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്.

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ മാത്രം 24 കൊവിഡ് രോഗികളെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടുണ്ട്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 188 ആണ്. പരിശോധനകളുടെ എണ്ണം കുറയുമ്പോഴും രോഗികളുടെ എണ്ണം കുറയാത്തത് ആശങ്ക തന്നെയാണ്.

വരുന്ന ദിവസങ്ങളിൽ ഖത്തറിൽ രോഗത്തിന്റെ തീവ്രത കൂടുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പ്രായമായവരെ പ്രത്യേക ശ്രദ്ധ വേണമെന്നും സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്നും അവർ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണമുള്ളവർ കൊവിഡ് ഹെൽപ് ലൈനായ 16000 എന്ന നമ്പറിൽ ബന്ധപ്പെടണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker