വെള്ളിയാഴ്ച പള്ളികൾ തുറക്കുന്ന സമയത്തിൽ മാറ്റമുണ്ടാകുമെന്ന് ഔഖാഫ്
കഴിഞ്ഞ വെള്ളിയാഴ്ച രണ്ടാം ബാങ്കിന്റെ 10 മിനിറ്റ് മുൻപ് മാത്രം പള്ളി തുറന്നത് വിശ്വാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നത് കണക്കിലെടുത്ത് വരുന്ന വെള്ളിയാഴ്ച മുതൽ രണ്ടാം ബാങ്ക് കൊടുക്കുന്നതിന്റെ 20 മിനിറ്റ് മുൻപ് തന്നെ പള്ളികൾ തുറക്കുമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം (ഔഖാഫ്) അറിയിച്ചു.
തിരക്കേറിയ പ്രദേശങ്ങളിൽ കൂടുതൽ പള്ളികളിൽ ജുമുഅ നിസ്കാരം അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സ്വഫ്ഫുകൾ അകലം പാലിച്ചു ക്രമീകരിച്ചതിനാൽ ആളുകൾ പള്ളിയിൽ ഒതുങ്ങാതെ പുറത്തു നിന്നുകൊണ്ടും നമസ്കരിക്കേണ്ടി വന്നിരുന്നു. കടുത്ത ചൂടിൽ പുറത്ത് നിന്ന് നിസ്കരിക്കുന്നതിലെ പ്രയാസങ്ങൾ പരിഹരിക്കുന്നതിനായാണ് കൂടുതൽ പള്ളികളിൽ ജുമുഅ അനുവദിച്ചത്.
പരസ്പരം ഹസ്തദാനം ചെയ്യരുത്, സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, പള്ളിയിലെ ജനലുകൾ തുറന്നിടുക തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങളിൽ പള്ളി നടത്തിപ്പുകാരുമായി സഹകരിക്കണമെന്നും മതകാര്യ മന്ത്രാലയം വിശ്വാസികളെ ഓർമിപ്പിച്ചു.
The number of mosques designated for Friday prayer will be increased, especially in crowded areas.#Qatar #Salah #Jumah #FridayPrayer #COVID19 #Mosques https://t.co/yHUybAvVFJ
— Qatar Tribune (@Qatar_Tribune) April 20, 2021