ആരോഗ്യംഖത്തർ

ശൈത്യകാലത്തെ സൂക്ഷിക്കണം, വീണ്ടും കൊവിഡ് ബാധിച്ച കേസുകൾ ഖത്തറിൽ വിരലിലെണ്ണാവുന്നതു മാത്രമെന്ന് എച്ച്എംസി ഡയറക്ടർ

ഒരിക്കൽ കൊവിഡ് ബാധിച്ചു സുഖം പ്രാപിച്ചവർക്ക് വീണ്ടും വൈറസ് ബാധയേൽക്കുന്നത് ഖത്തറിൽ വളരെ കുറവാണെന്ന് എച്ച്എംസി മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മാസ്ലാമണി. ഇതുവരെ രാജ്യത്ത് നാലു പേർക്കു മാത്രമാണ് രണ്ടാമതും കൊവിഡ് ബാധ കണ്ടെത്തിയതെന്നും രണ്ടു തവണ വൈറസ് ബാധയേറ്റപ്പോഴും ഇവർക്കു രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും അവർ വ്യക്തമാക്കി.

45 മുതൽ 87 ദിവസത്തിനിടയിലാണ് ഒരിക്കൽ രോഗബാധയേറ്റവർക്കു വീണ്ടും രോഗം കണ്ടെത്തിയതെന്ന് അവർ അൽ റയാൻ ടിവിയിലെ അൽ സബാഹ് റബാഹ് പ്രോഗ്രാമിൽ പറഞ്ഞു. വൈറസ് ബാധിച്ചയാൾ രോഗപ്രതിരോധ ശേഷിയെക്കുറിച്ച് അറിയുന്നതിനും ശരീരത്തിൽ ആന്റിബോഡികൾ നിലനിൽക്കുന്ന കൃത്യമായ കാലഘട്ടം നിർണ്ണയിക്കുന്നതിനും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

കൊവിഡ് വാക്സിൻ ലഭ്യമാക്കുന്നതിന് പ്രധാനപ്പെട്ട മരുന്നു കമ്പനികളുമായി ഖത്തർ കരാറിലെത്തിയെന്നും വാക്സിൻ രാജ്യത്ത് പെട്ടെന്നു തന്നെ ലഭ്യമാക്കുമെന്നും ഡോ.മുന അറിയിച്ചു. 15 മിനുട്ടു കൊണ്ട് ഫലം ലഭിക്കുന്ന 97% കൃത്യതയുള്ള പുതിയ തരം ആന്റിജൻ ടെസ്റ്റ് എച്ച്എംസിയിൽ ഉടൻ ആരംഭിക്കാനിരിക്കയാണ്. പിസിആർ ടെസ്റ്റ് നൂറു ശതമാനം കൃത്യമാണെങ്കിലും ഇതിന് എട്ടു മണിക്കൂർ വരെ സമയമെടുക്കും.

ആറു മാസം മുതൽ 5 വയസു വരെയുള്ള കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് സീസണൽ ഇൻഫ്ലുവൻസ വാക്സിൻ എടുക്കേണ്ടത് പ്രധാനമാണെന്നും അവർ ഊന്നിപ്പറഞ്ഞു. ശൈത്യകാലത്ത് കൊവിഡ് വ്യാപനം ശക്തമാകാനുള്ള സാധ്യത കണ്ടെത്തിയിട്ടുണ്ടെന്നും ഇക്കാലത്ത് അന്തരീക്ഷത്തിൽ കൂടുതൽ സമയം കൊവിഡ് വൈറസ് തങ്ങി നിൽക്കുമെന്നും ഡോ. മുന വ്യക്തമാക്കി.

കൊവിഡ് വ്യാപനം തടയാൻ ജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ പാലിക്കേണ്ടതിനെ കുറിച്ച് അവർ ഒരിക്കൽ കൂടി ഓർമിപ്പിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker