കായികംഖത്തർ

ഖത്തർ ദേശീയ ദിനത്തിൽ മറ്റൊരു ലോകകപ്പ് സ്റ്റേഡിയം കൂടി അനാച്ഛാദനം ചെയ്യും

ഡിസംബർ 18ന് നടക്കുന്ന ഖത്തർ ദേശീയ ദിനത്തിൽ ഖത്തർ ഫിഫ ലോകകപ്പ് 2022 വേദിയായ അൽ റയ്യാൻ സ്റ്റേഡിയം അനാച്ഛാദനം ചെയ്യും. അൽ അറബിയും അൽ സാദും തമ്മിലുള്ള അമീർ കപ്പ് 2020 ഫൈനൽ ഡിസംബർ 18ന് പുതിയ അൽ റയ്യാൻ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.

ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, അൽ ജനൂബ് സ്റ്റേഡിയം, എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം എന്നിവക്കു ശേഷം അനാച്ഛാദനം ചെയ്യപ്പെടുന്ന നാലാമത്തെ ലോകകപ്പ് സ്റ്റേഡിയമാണിത്. 40,000 പേർക്കിരിക്കാൻ ശേഷിയുള്ള സ്റ്റേഡിയത്തിൽ ഖത്തർ ലോകകപ്പിന്റെ സ്റ്റേജ് 16 വരെയുള്ള മത്സരങ്ങൾ നടക്കും.

കുടുംബത്തിന്റെ പ്രാധാന്യം, മരുഭൂമിയുടെ ഭംഗി, നേറ്റീവ് സസ്യജന്തുജാലങ്ങൾ, പ്രാദേശിക, അന്തർദേശീയ വ്യാപാരം എന്നിങ്ങനെ രാജ്യത്തിന്റെ വിവിധ ഭാവങ്ങൾ ഉൾക്കൊള്ളുന്ന പാറ്റേണുകളാണ് സ്റ്റേഡിയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത.

ദോഹ മെട്രോ ഉപയോഗിച്ച് ആരാധകർക്ക് എളുപ്പത്തിൽ വേദിയിലെത്താൻ കഴിയും. ഗ്രീൻ ലൈനിലെ അൽ റിഫ സ്റ്റേഷനിൽ നിന്നും നടക്കാനുള്ള ദൂരമേ സ്റ്റേഡിയത്തിലേക്കുള്ളൂ. ക്രിക്കറ്റ് പിച്ചുകൾ, ഫുട്ബോൾ പിച്ചുകൾ, കുട്ടികളുടെ കളിസ്ഥലം, ഔട്ട്‌ഡോർ ജിം സൗകര്യങ്ങൾ, അക്വാട്ടിക്സ് സെന്റർ, ടെന്നീസ് കോർട്ടുകൾ, സ്കേറ്റ് പാർക്ക്, അത്‌ലറ്റിക്സ് ട്രാക്ക് എന്നിവയുൾപ്പെടെ നിരവധി കായിക സൗകര്യങ്ങൾ ഇതിന്റെ പരിസരത്ത് ഉണ്ടാകും.

കൂടാതെ, 2016ൽ ആരംഭിച്ച സ്റ്റേഡിയത്തോട് ചേർന്നുള്ള മാൾ ഓഫ് ഖത്തറിനു പുറമേ ലാൻഡ്സ്കേപ്പ്ഡ് പാർക്കുകൾ, കഫേകൾ, നടപ്പാതകൾ എന്നിവയും ഉണ്ടാകും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker