അന്തർദേശീയംഖത്തർ

ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഗാസയിലെ ഹമദ് ആശുപത്രി പ്രവർത്തനങ്ങൾ നിർത്തി

ഖത്തർ നിർമ്മിച്ച ഗാസയിലെ ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ഹോസ്പിറ്റൽ ഫോർ റീഹാബിലിറ്റേഷൻ ആൻഡ് പ്രോസ്തെറ്റിക്സിന് ഇസ്രായേൽ ബോംബാക്രമണത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് സേവനങ്ങൾ നിർത്തിവച്ചു.

ആശുപത്രിയുടെ പരിസരങ്ങളിൽ ഇസ്രയേൽ തുടർച്ചയായി ബോംബാക്രമണം നടത്തിയതിന്റെ ഫലമായി ഹമദ് ഹോസ്പിറ്റലിന് നാശനഷ്ടമുണ്ടായതായി ബോംബാക്രമണത്തിൽ തകർന്ന അവശിഷ്ടങ്ങളുടെ ഫോട്ടോ പോസ്റ്റു ചെയ്ത് ഷെയ്ഖ് ഹമദ് ആശുപത്രി ട്വിറ്റർ അക്കൗണ്ടിൽ വ്യക്തമാക്കി.

ആക്രമണം ആശുപത്രിയുടെ സേവനങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്നും രോഗികളുടെയും ജോലി ചെയ്യുന്ന മെഡിക്കൽ സ്റ്റാഫിന്റെയും ജീവൻ രക്ഷിക്കുന്നതിനായി സേവനങ്ങൾ നിർത്താൻ നിർബന്ധിതരായിയെന്നും അവർ കൂട്ടിച്ചേർത്തു.

ഗാസ മുനമ്പിലെ ഖത്തരി റെഡ് ക്രസന്റ് സൊസൈറ്റി കെട്ടിടത്തിൽ ഇസ്രയേൽ സൈന്യം ഇന്നലെ ബോംബാക്രമണം നടത്തിയിരുന്നു. ഇത് നിരവധി മരണങ്ങൾക്കും പരിക്കുകൾക്കും കാരണമായി. അൽ ജസീറ ഓഫീസുകൾ ഉൾപ്പെടെ നിരവധി മാധ്യമ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന അൽ-ജലാ ടവറിലും ഇസ്രായേൽ ബോംബാക്രമണം നടത്തിയിട്ടുണ്ട്.

ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റിന്റെ (ക്യു.എഫ്.എഫ്.ഡി) ധനസഹായത്തോടെയാണ് ഫാദർ അമീർ ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി റീഹാബിലിറ്റേഷൻ ആൻഡ് പ്രോസ്തറ്റിക്സ് ഹോസ്പിറ്റൽ നിർമിച്ചത്. സ്റ്റാഫുകളെ പരിശീലിപ്പിക്കാൻ നിരവധി ഡോക്ടർമാരെയും ഖത്തർ ഇവിടേക്ക് അയച്ചിരുന്നു. 2019 ഏപ്രിലിലാണ് ഇതു പ്രവർത്തനമാരംഭിച്ചത്.

100 കിടക്കകളുടെ ശേഷിയിൽ 12,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് ആശുപത്രി നിർമ്മിച്ചിരിക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായ പരിചരണം നൽകുന്ന വകുപ്പുകളും ഇവിടെയുണ്ട്.

പ്രോസ്തെറ്റിക്സ്, ആംപ്യൂട്ടി റീഹാബിലിറ്റേഷൻ, ഫിസിയോതെറാപ്പി സർവീസ്, ഒക്യുപേഷണൽ തെറാപ്പി സർവീസ്, നഴ്സിംഗ് സർവീസ്, സ്പീച്ച്, സ്വാളോ ഡിസോർഡർ എന്നിവയ്ക്കുള്ള വകുപ്പ്, ശിശുരോഗ വിഭാഗം എന്നിവയാണുള്ളത്. വൈകല്യവും പ്രത്യേക ആവശ്യങ്ങളുമുള്ള എല്ലാ പലസ്തീൻ പൗരന്മാർക്കും ആശുപത്രി സേവനം നൽകുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker