കൊറോണ ബാധിതരുടെ എണ്ണത്തിൽ കുതിച്ചു ചാട്ടം, ഇന്നു മാത്രം രോഗം സ്ഥിരീകരിച്ചത് 951 പേർക്ക്
ഖത്തറിൽ ഇന്ന് പുതിയതായി 951 പേർക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 17142 ആയി. അതേ സമയം ഇന്ന് 114 പേർക്കാണ് അസുഖം ഭേദമായത്. ഇന്നലെയത് 146 ആയിരുന്നു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1924 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2967 പേർക്ക് ടെസ്റ്റുകൾ നടത്തിയാണ് 951 പേർക്ക് രോഗബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. ഇന്നലെ 2360 പേർക്കു പരിശോധന നടത്തിയപ്പോൾ 640 പേർക്കായിരുന്നു രോഗം കണ്ടെത്തിയത്. ഇതു വരെ 109762 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയിരിക്കുന്നത്. ഇന്നത്തോടെ 1924 പേർക്ക് രോഗം ഭേദമായപ്പോൾ 15206 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്.
Latest update on #COVID19 in #Qatar https://t.co/dbj3plAhAD pic.twitter.com/EoRavN2FVY
— The Peninsula Qatar (@PeninsulaQatar) May 5, 2020
കഴിഞ്ഞ കുറച്ചു ദിവസങ്ങളെ അപേക്ഷിച്ച് വലിയ വർദ്ധനവാണ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. നേരത്തെ രോഗബാധ കണ്ടെത്തിയവരുമായി ഇടപഴകിയവർക്കു പുറമേ മറ്റുള്ളവർക്കും പരിശോധന നടത്തുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
രോഗബാധിതരുമായി സമ്പർക്കം നടത്തിയ ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികളാണ് നിലവിൽ വൈറസ് ബാധ കണ്ടെത്തിയവരിൽ കൂടുതൽ. മറ്റുള്ള ചിലർക്ക് കുടുംബാംഗങ്ങളിൽ നിന്നും വൈറസ് ബാധയേറ്റിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രോഗത്തിന്റെ തോത് കുറയുന്നതിനു മുൻപ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൾ ലത്തിഫ് മുഹമ്മദ് അൽ ഖാൽ പറഞ്ഞിരുന്നുവെങ്കിലും പെട്ടെന്ന് രോഗികളുടെ എണ്ണത്തിലുണ്ടായ ഈ കുതിച്ചു ചാട്ടം ആശങ്കപ്പെടുത്തുന്നതാണ്.